പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : പോത്തന്‍കോട് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയില്‍. കല്ലിയൂര്‍ സ്വദേശി 31-കാരനായ രണ്ടാനച്ഛനും ആറ്റിപ്ര സ്വദേശി ബാബുരാജ് (55) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാനച്ഛന്‍ കുട്ടിയെ രണ്ടുവര്‍ഷത്തോളം കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. പുറത്തുപറഞ്ഞാല്‍ അമ്മയെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നത്.

കുട്ടിയുടെ അമ്മ ഒരുമാസം മുന്‍പ് വിദേശത്ത് ജോലിക്കായി പോയിരുന്നു. അതിനുശേഷമാണ് കുട്ടിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം ഉണ്ടായത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് സ്‌കൂളിലെ അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ മാതാവ് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി. പിന്നാലെയാണ് പീഡന വിവരം അറിയുന്നത്.

രണ്ടുവര്‍ഷത്തോളം പീഡനത്തിന് ഇരയായതായി കുട്ടി കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തി. രണ്ടാനച്ഛന്‍ നിരവധി തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കൗണ്‍സിലിംഗിനിടെ കുട്ടി പറഞ്ഞു. വിവരം പുറത്തുപറഞ്ഞാല്‍ അമ്മയെ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ മൊഴിയുണ്ട്. നേരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് രണ്ടാനച്ഛന്‍.

കുട്ടിയുടെ അപ്പൂപ്പന്റെ സുഹൃത്തായ ബാബുരാജ് ഒരു ദിവസം വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും കുട്ടി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.യിലെ താല്‍ക്കാലിക ഡ്രൈവറാണ് ബാബുരാജ്. വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. പ്രതികള്‍ രണ്ടു വര്‍ഷത്തോളം കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.