അപകടസ്ഥലത്തെ ദൃശ്യം(ഇടത്ത്) അപകടത്തിൽ മരിച്ച ആൻ ഗ്രേസ്(വലത്ത്)

തൃശ്ശൂര്‍ : പീച്ചി ഡാം റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആനിന്റെ മരണം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തില്‍പ്പെട്ട പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16) തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആനിന്റെയും മരണം സംഭവിച്ചത്.

നാല് പെണ്‍കുട്ടികളാണ് പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്ത് വെള്ളത്തില്‍ വീണത്. ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.

പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16), ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16), മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (12) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. നാലുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററിലായിരുന്ന അലീനാ പുലര്‍ച്ചെയോടെ മരിച്ചു. ചികിത്സയിലുണ്ടായിരുന്ന ആനിന്റെയും നില ഗുരുതരമായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് ആന്‍ മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽപ്പെട്ട മറ്റുരണ്ടു പെൺകുട്ടികളും വെൻ്റിലേറ്ററിൽ തുടരുകയാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

പീച്ചി ഡാം റിസർവോയറിൽ നാല്‌ പെൺകുട്ടികൾ വീണ തെക്കേക്കുളം പ്രദേശം, മരിച്ച അലീനാ ഷാജന്‍

അപകടത്തില്‍പ്പെട്ട നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തില്‍പ്പെട്ട മൂന്നുപേര്‍. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന് ഇവരുടെ വീട്ടില്‍ എത്തിയതായിരുന്നു കൂട്ടുകാരികള്‍.

ഉച്ചഭക്ഷണശേഷം റിസര്‍വോയര്‍ കാണാന്‍ നാലുപേരും ഹിമയും കൂടി പോയതായിരുന്നു. ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വെള്ളത്തിൽ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വീഴുകയായിരുന്നു. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെള്ളത്തില്‍നിന്ന് നാലുപേരെയും പുറത്തെടുത്തത്. ഉടന്‍ സി.പി.ആര്‍. നല്‍കി പ്രദേശവാസിയുടെ കാറില്‍ ഒരാളെയും മറ്റു മൂന്നുപേരെ രണ്ടു ആംബുലന്‍സുകളിലായും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 20 മിനിറ്റിനുള്ളിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.