അറസ്റ്റിലായ പ്രതികളുമായി പോലീസ് സംഘം | Photo Courtesy: x.com/ndtv

ലഖ്‌നൗ : ടാക്‌സി ഡ്രൈവറെ ആളുമാറി കൊലപ്പെടുത്തിയ സംഭവത്തില്‍ വാടക കൊലയാളികളും ക്വട്ടേഷന്‍ നല്‍കിയ ആളും പിടിയിലായി. ലഖ്‌നൗ മദേഹ്ഗഞ്ചില്‍ ടാക്‌സി ഡ്രൈവറായ മുഹമ്മദ് റിസ് വാനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തിലാണ് പ്രതികളായ അഫ്താബ് അഹമ്മദ്, യാസിര്‍, കൃഷ്ണകാന്ത് എന്നിവരെ പോലീസ് പിടികൂടിയത്. അഫ്താബിന്റെ കാമുകിയുടെ ഭര്‍ത്താവിനെയും പിതാവിനെയും കൊലപ്പെടുത്താനാണ് പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ ആളുമാറി ഇവര്‍ റിസ് വാനെ കൊലപ്പെടുത്തുകയാണുണ്ടായതെന്നും ഡി.സി.പി. രവീണ ത്യാഗി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡിസംബര്‍ 30-ാം തീയതിയാണ് മദേഹ്ഗഞ്ചില്‍ പുരുഷന്റെ മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് ടാക്‌സി ഡ്രൈവറായ മുഹമ്മദ് റിസ് വാന്‍ ആണെന്ന് വ്യക്തമായി. തുടര്‍ന്ന് ലോക്കല്‍ പോലീസും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യംചെയ്തതോടെയാണ് ആളുമാറിയാണ് കൊലപാതകം നടത്തിയതെന്ന വിവരവും പുറത്തായത്.

അഫ്താബും ഭര്‍തൃമതിയായ ഒരു യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിന് യുവതിയുടെ ഭര്‍ത്താവും പിതാവും തടസ്സമാണെന്ന് തോന്നിയതോടെ ഇരുവരെയും കൊലപ്പെടുത്താന്‍ അഫ്താബ് തീരുമാനിച്ചു. ഇതിനായി യാസിറിന്റെ സഹായംതേടി. ഇയാള്‍ കൂട്ടാളിയായ കൃഷ്ണകാന്തിനെയും ഒപ്പംകൂട്ടി. തുടര്‍ന്ന് 30-ാം തീയതി രാത്രി യുവതിയുടെ പിതാവായ ഇര്‍ഫാനെ കൊല്ലാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍, ഇര്‍ഫാനാണെന്ന് കരുതി പ്രതികള്‍ ആളുമാറി റിസ് വാനെയാണ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.