ലോസ് ആഞ്ജലിസിലെ കാട്ടുതീ | Photo: AFP
ലോസ് ആഞ്ജലിസ് : യു.എസ്. ലോസ് ആഞ്ജലിസില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കാട്ടുതീ വരുംദിവസങ്ങളില്‍ കൂടുതല്‍ വ്യാപിച്ച് സ്ഥിതി കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്. സാന്റ ആന എന്ന വരണ്ടകാറ്റ് വീണ്ടും ശക്തിപ്രാപിക്കും അത് തീ വേഗത്തില്‍ പടരുന്നതിന് കാരണമാകുമെന്നുമാണ് ലോസ് ആഞ്ജലിസ് കാലാവസ്ഥാ സര്‍വീസിന്റെ മുന്നറിയിപ്പ്.
മണിക്കൂറില്‍ 120 കി.മീ. വേഗതയില്‍വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച (ജനുവരി 7) മുതല്‍ പടരുന്ന കാട്ടുതീയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി 16 ആയി രേഖപ്പെടുത്തി. യഥാർത്ഥ മരണസംഖ്യ ഇതിലൂടെ എത്രയോ കൂടുതലാണെന്നാണ് വിവരം. അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കെന്നത്, ഈറ്റണ്‍ എന്നീ കാട്ടുതീകളില്‍ വീടുകള്‍ ഉള്‍പ്പെടെ 12000-ലധികം നിര്‍മിതികള്‍ ഭാഗീകമായോ പൂര്‍ണമായോ കത്തിനശിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
ലോസ് ആഞ്ജലിസ് സ്ഥിതി ചെയ്യുന്ന കാലിഫോര്‍ണിയ സംസ്ഥാനത്ത് വ്യാഴാഴ്ച ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 1.3 ലക്ഷത്തിലേറെപ്പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചിട്ടുണ്ട്. വരണ്ട കാലാവസ്ഥയാണ് തീകെടുത്തല്‍ പ്രയാസമാക്കുന്നത്. എട്ടുമാസമായി മഴ ലഭിക്കാത്തതിനാല്‍ ലോസ് ആഞ്ജലിസിലെ കാലാവസ്ഥ അത്രയും വരണ്ടതാണ്. പസഫിക്, പാലിസേഡ്‌സ്, ഈറ്റണ്‍, ഹേസ്റ്റ്, ലിഡിയ, സണ്‍സെറ്റ് എന്നിവിടങ്ങളിലാണ് കാട്ടുതീ രൂക്ഷം. കാണാതായവര്‍ക്കായി തീ ശമിച്ചയിടങ്ങളില്‍ ശ്വാനസേനയെ ഉപയോഗിച്ച് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
അപ്പാര്‍ട്ടുമെന്റുകള്‍, സ്‌കൂളുകള്‍, വാഹനങ്ങള്‍, വ്യാപാര-വ്യവസായ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം അഗ്നിക്കിരയായി. അഞ്ച് പള്ളികള്‍, സിനഗോഗ്, 1976-ല്‍ പുറത്തിറങ്ങിയ ‘കാരി’ ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് പശ്ചാത്തലമായ പാലിസേഡ്‌സ് ചാര്‍ട്ടര്‍ ഹൈസ്‌കൂളടക്കം ഏഴ് സ്‌കൂളുകള്‍, റസ്റ്ററന്റുകള്‍, ബാറുകള്‍ എന്നിവ കത്തിയവയില്‍ ഉള്‍പ്പെടുന്നു. ഹോളിവുഡ് ഹില്‍സിലെയും സ്റ്റുഡിയോ സിറ്റിയിലെയും തീകെടുത്താന്‍ വിമാനമാര്‍ഗം വെള്ളമടിക്കുന്നത് തുടരുകയാണ്. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ 5000 ഏക്കറിലേറെ പ്രദേശത്താണ് തീപടര്‍ന്നിട്ടുള്ളത്. മൊത്തം 36,000-ത്തിലധികം ഹെക്ടര്‍ പ്രദേശത്തെയാണ് തീവിഴുങ്ങിയത്.
പസഫിക് പാലിസേഡ്‌സ് തീരത്തുനിന്നും പസഡേന വരെയാണ് തീ വ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലിസേഡില്‍ വലിയ കാട്ടുതീയാരംഭിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് സാന്‍ഫെര്‍ണാഡോ താഴ്‌വരയിലും കെന്നത് കാട്ടുതീ അതിവേഗം പടര്‍ന്നുപിടിച്ചു. മഴയില്ലായ്മയും ഉണക്കമരങ്ങളുമാണ് തീപടരാന്‍ കാരണം. മേഖലയില്‍ വീശിയടിച്ച ശക്തമായ വരണ്ടകാറ്റാണ് തീ കൂടൂതല്‍ ഇടങ്ങളിലേക്ക് പടരാന്‍ ഇടയാക്കിയത്. തീകെടുത്താനുള്ള ശ്രമങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സമീപത്തെ വെന്‍ചുറ കൗണ്ടിയിലേക്ക് തീ വ്യാപിച്ചത്.
വ്യാഴാഴ്ച വൈകിട്ടോടെ വെസ്റ്റ്ഹില്ലിന് സമീപത്തേക്കും തീയെത്തി. കാലിഫോര്‍ണിയയിലും പരിസരങ്ങളിലും നിന്നുള്ള അഗ്നിരക്ഷ സേനാംഗങ്ങളും ലോസ് ആഞ്ജലിസില്‍ എത്തിയിട്ടുണ്ടെന്ന് കാറ്റാണ് പ്രധാന വെല്ലുവിളിയാകുന്നതെന്നും ലോസ് ആഞ്ജലിസ് മേയര്‍ കാരെന്‍ ബോസ് പറഞ്ഞു. തെക്കന്‍ കാലിഫോര്‍ണിയയില്‍ ആറുമാസത്തേക്ക് ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളുടെയും മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഇതുവരെ 35,000-ത്തിലധികം ഹെക്ടര്‍ പ്രദേശത്തെ തീവിഴുങ്ങി. ലോസ് ആഞ്ജലിസിലെ സ്‌കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ആകെ 15,000 കോടിയിലേറെ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.
ലോസ് ആഞ്ജലിസിലെ 4400 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും മറ്റ് സംഭരണികളും അപകടസമയത്ത് എങ്ങനെ വറ്റിക്കിടന്നു എന്നത് സംബന്ധിച്ച് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അന്വേഷണത്തിന് ഉത്തരവിട്ടു. തീകെടുത്താന്‍ ആവശ്യമായ ഫണ്ട് ഭരണകൂടം ലഭ്യമാക്കിയില്ലെന്ന് ലോസ് ആഞ്ജലിസ് അഗ്നിരക്ഷാ സേനാ മേധാവി ക്പിസ്റ്റിന്‍ ക്രൗലി ആരോപിച്ചു. കാട്ടുതീ തുടങ്ങാനിടയായ സാഹചര്യത്തെപ്പറ്റി അറിയുന്നതിനായി എഫ്.ബി.ഐ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടുതീയുടെ മറവില്‍ പ്രദേശത്ത് വ്യാപകകൊള്ള നടത്തിയതുമായി ബന്ധപ്പെട്ട് 18 പേരെ പോലീസ് അറസ്റ്റുചെയ്തു.
കാനഡയ്ക്ക് പുറമെ മെക്‌സിക്കോയും തീ അണയ്ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ സഹായം വാഗ്ദാനം നല്‍കി മുന്നോട്ടുവന്നിട്ടുണ്ട്. മെക്‌സിക്കോയില്‍ നിന്നുള്ള 14,000 അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ തീപടര്‍ന്ന പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അതേസമയം, ടെക്‌സസ്, ഒക്ലഹോമ, ആര്‍ക്കന്‍സോ എന്ന സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും ശീതക്കാറ്റും മഞ്ഞുവീഴ്ചയും മഴയുമുണ്ടാകുമെന്നും കാലാവസ്ഥാവകുപ്പ് അറിയിപ്പ് നല്‍കി. ഉത്തരധ്രുവത്തില്‍ നിന്നുള്ള തണുത്ത കാറ്റ് വെര്‍ജീനിയ, ഇന്‍ഡ്യാന, കാന്‍സസ്, കെന്റക്കി, വാഷിങ്ടണ്‍ തുടങ്ങിയ ഇടങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് ഇടയാക്കിയിരുന്നു.
