അപകടത്തിന് മുമ്പ് യുവാക്കൾ ചിത്രീകരിച്ച വീഡിയോ(ഇടത്ത്) ഏഴംഗസംഘം യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ദൃശ്യം(വലത്ത്) | Screengrab: x.com/jsuryareddy

ഹൈദരാബാദ് : തെലങ്കാനയില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ സഹോദരങ്ങളടക്കം അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു. സിദ്ദിപേട്ടിലെ കൊണ്ടപൊച്ചമ്മ സാഗര്‍ ഡാമിന്റെ റിസര്‍വോയറില്‍ ശനിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.

മുഷീറാബാദ് സ്വദേശികളായ ധനുഷ്(20) സഹോദരന്‍ ലോഹിത്(17) ബന്‍സിലാപേട്ട് സ്വദേശി ദിനേശ്വര്‍(17) കൈറാത്ബാദ് സ്വദേശി ജതിന്‍(17) സഹില്‍(19) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന കെ.മൃഗംങ്ക്(17) മുഹമ്മദ് ഇബ്രാഹിം(20) എന്നിവര്‍ രക്ഷപ്പെട്ടു.

ശനിയാഴ്ച രാവിലെയാണ് മൂന്ന് ഇരുചക്രവാഹനങ്ങളിലായി ഏഴംഗസംഘം ജലാശയത്തിലേക്ക് യാത്ര പുറപ്പെട്ടത്. ആദ്യം കരയിലിരുന്ന് കാഴ്ചകള്‍ ആസ്വദിച്ച സംഘം പിന്നീട് ജലാശയത്തിലിറങ്ങുകയായിരുന്നു. പിന്നാലെ റീല്‍സ് ചിത്രീകരിക്കാനായി കൂടുതല്‍ ആഴമുള്ള ഭാഗത്തേക്ക് നീങ്ങിയതോടെയാണ് ഇവര്‍ മുങ്ങിപ്പോയത്. ആദ്യം മുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൂടുതല്‍പേര്‍ അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ആര്‍ക്കും നീന്തല്‍ വശമില്ലായിരുന്നെന്നും പോലീസ് പറഞ്ഞു.

അപകടത്തില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപേര്‍ പോലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരടക്കം സ്ഥലത്തെത്തി വൈകീട്ട് ഏഴുമണിയോടെ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

അതിനിടെ, ഏഴംഗസംഘം യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനുശേഷം ജലാശയത്തില്‍നിന്ന് ഇവര്‍ ചിത്രീകരിച്ചതെന്ന പേരില്‍ ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മരിച്ച ധനുഷ് മുഷീറാബാദില്‍ ഫോട്ടോഗ്രാഫറാണ്. ദിനേശ്വറും ജതിനും പോളി ഡിപ്ലോമ വിദ്യാര്‍ഥികളാണ്. അഞ്ചുപേരുടെ മരണത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം അറിയിച്ചു.