പ്രതീകാത്മക ചിത്രം
പാലക്കാട് : ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ യുവാവ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി. തമിഴ്‌നാട് കടലൂര്‍ സ്വദേശി ലതീഷിനാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ലതീഷ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെ ആയിരുന്നു സംഭവം.
കന്യാകുമാരി-ബെംഗളൂരു എക്‌സ്പ്രസ് ട്രെയിന്‍ ഒറ്റപ്പാലം സ്റ്റേഷനിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. വടക്കാഞ്ചേരിയില്‍നിന്ന് സേലത്തേക്കുള്ള ടിക്കറ്റായിരുന്നു ലതീഷ് എടുത്തിരുന്നത്. ഒറ്റപ്പാലത്ത് ട്രെയിന്‍ എത്തിയപ്പോള്‍ ഇദ്ദേഹം ഇറങ്ങി. ശേഷം ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ വീണ്ടും കയറാന്‍ ശ്രമിച്ചു. ഇതോടെയാണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലായി ലതീഷ് വീണത്.
ആദ്യം ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
