വീണ വിജയൻ

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സും സി.എം.ആര്‍.എലും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ച് കേന്ദ്രം. 185 കോടിയുടെ അനധികൃത പണമിടപാട്‌ സി.എം.ആര്‍.എല്‍. നടത്തിയെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. കേസില്‍ ജനുവരി 20-ന് വിധി വരാനിരിക്കെയാണ് ആദായ നികുതി വകുപ്പും എസ്.ഐഫ്.ഐ.ഓയും കോടതിയില്‍ വാദങ്ങള്‍ എഴുതി നല്‍കിയത്.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും നല്‍കാന്‍ 185 കോടി ചെലവഴിച്ചു. ഇത് സി.എം.ആര്‍.എല്‍. ചെലവ് പെരുപ്പിച്ച് കാണിച്ച് കണക്കില്‍പ്പെടുത്തി. ചരക്കുനീക്കത്തിനും മാലിന്യനിര്‍മാര്‍ജനത്തിലും കോടികള്‍ ചെലവിട്ട് വ്യാജബില്ലുകള്‍ ഉള്‍പ്പെടുത്തി എന്നും കേന്ദ്രം ആരോപിച്ചു.

എസ്.എഫ്.ഐ.ഒ. അന്വേഷണം ചോദ്യംചെയ്ത് സി.എം.ആര്‍.എല്‍. ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരുന്നു. ജസ്റ്റിസ് ചന്ദ്രധാരി സിങ്ങിന്റെ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേന്ദ്രത്തോടും ആദായ നികുതി വകുപ്പിനോടും വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കേസില്‍ അടുത്തയാഴ്ച വിധി പറയും.