ജി.സുധാകരന്‍
കൊച്ചി : ലൈംഗിക അധിക്ഷേപ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍. ബോബിയെ പരമനാറിയെന്ന് വിശേഷിപ്പിച്ച ജി.സുധാകരന്‍ ഇതുപോലുള്ള വൃത്തിക്കേട് നടക്കുന്ന കേരളം ഒന്നാമതാണെന്ന് ആരാണ് പറഞ്ഞ് നടക്കുന്നതെന്നും ചോദിച്ചു. നിരവധി സ്ത്രീകളെ അപമാനിച്ചിട്ടുള്ള ബോബിക്കെതിരെ പോലീസ് സ്വമേധയാ കേസ് എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സുധാകരന്‍ ചോദിച്ചു.
‘ഇന്നലെ അറസ്റ്റ് ചെയ്ത സ്വര്‍ണ്ണ കച്ചവടക്കാരന്‍ പരമ നാറിയാണ്. 15 വര്‍ഷം മുമ്പ് ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട് ഇവന്‍ പരമ നാറിയാണെന്ന്. പണത്തിന്റെ അഹങ്കരമല്ലാതെ മറ്റൊന്നുമില്ല. എന്തും ചെയ്യാമെന്നാണ്. വെറും പ്രാകൃതനും കാടനുമാണ് അവന്‍. ലൈംഗിക സംസ്‌കാരം മാത്രമേ അവനുള്ളൂ. കുറേകാലമായി തുടങ്ങിയിട്ട്, കരണക്കുറ്റിക്ക് രണ്ട് കൊടുക്കാന്‍ ആളില്ലാതായി. ആലപ്പുഴയിലായിരുന്നെങ്കില്‍ ഞങ്ങള്‍ തല്ലിയേനെ, ഉറപ്പാണ്’ ജി.സുധാകരന്‍ പറഞ്ഞു.
എന്തായിരുന്നാലും ഒരു നടി കേസ് കൊടുത്തു. പോലീസ് നടപടിയെടുത്തു. പോലീസ് നേരത്തെ തന്നെ സ്വമേധയാ നടപടിയെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. അതിനെതിരെ ആരും ശബ്ദിച്ചുമില്ല. പല സ്ത്രീകളേയും ഇയാള്‍ അപമാനിച്ചിട്ടുണ്ട്. എല്ലാത്തിലും മുമ്പിലാണെന്ന് പറയുന്ന കേരളത്തില്‍ ഇതുപോലുള്ള വൃത്തിക്കേടിലും മുമ്പിലാണ്. എന്നിട്ടാണ് നമ്മള്‍ എല്ലാത്തിലും മുമ്പിലാണെന്ന് പറഞ്ഞ് അഹങ്കരിക്കുന്നത്. ആരു പറഞ്ഞു നമ്മള്‍ ഒന്നാമതാണെന്ന്. പൊങ്ങച്ചം പറച്ചിലും പൊള്ളവാചകവും ലോകചരിത്രത്തില്‍ ഇടംപിടിക്കില്ല. ആ ദിവസം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു.
കായംകുളം എംഎസ് എം കോളേജില്‍ നടന്ന ഒരു പുസ്തക പ്രകാശനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
