മർദനമേറ്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച ശ്രീഷ്‍കാന്ത്
വളപട്ടണം : ഓട്ടോ ഡ്രൈവറായിരുന്ന പരേതയായ ചിത്രലേഖയുടെ ഭർത്താവ് എം.ശ്രീഷ്‌കാന്തിനെ വീട്ടിൽ കയറി മർദിച്ചെന്ന് പരാതി. കാട്ടാമ്പള്ളിക്കടുത്ത് കുതിരത്തടത്തെ സ്വന്തം വീട്ടിൽവെച്ചാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷം ഒരുസംഘമാളുകൾ കുതിരത്തടത്തെ വീട്ടിൽ കയറി മർദിച്ചെന്നാണ് പരാതി. സി.പി.എം. പ്രവർത്തകരാണ് പിന്നിലെന്നാണ് ആരോപണം. മർദനമേറ്റ നിലയിൽ അവശനായ ശ്രീഷ്‌കാന്തിനെ നാട്ടുകാരാണ് ആസ്പത്രിയിലാക്കിയത്. കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. വളപട്ടണം പോലീസ് കേസെടുത്തു.
ഏതാനും മാസം മുൻപാണ് അസുഖം ബാധിച്ച് ചിത്രലേഖ മരിച്ചത്. തുടർന്ന് ചിത്രലേഖയുടെ ഓട്ടോയുടെ ടൗണിൽ ഓടിക്കാനുള്ള പെർമിറ്റ് മകൾ മേഘയുടെ പേരിൽ മാറ്റിക്കിട്ടി. ആ പെർമിറ്റുമായി ഭർത്താവ് ശ്രീഷ്‍കാന്ത് ഓട്ടോജോലി ചെയ്യുകയായിരുന്നു. നേരത്തേ ചിത്രലേഖയ്ക്കെതിരെയും ആക്രമണം ഉണ്ടായിരുന്നതായി പോലീസിൽ പരാതി ഉണ്ടായിരുന്നു. കാട്ടാമ്പള്ളി വീട്ടിൽ നിർത്തിയിട്ട ഓട്ടോ തീവെച്ച് നശിപ്പിച്ചു. പോലീസ് കേസുമുണ്ട്. അത് നേരിട്ടുവരുമ്പോഴാണ് ചിത്രലേഖ രോഗബാധിതയായി മരിച്ചത്.
സ്വദേശമായ പയ്യന്നൂർ എടാട്ടാണ് ചിത്രലേഖ മുൻപ് ഓട്ടോ ഓടിച്ചിരുന്നത്. അവിടെയും ചിത്രലേഖയ്ക്കെതിരെ അക്രമമുണ്ടായിട്ടുണ്ട്. തുടർന്നാണ് ചിത്രലേഖയും ഭർത്താവും മകളും ചിറക്കൽ കാട്ടാമ്പള്ളിയിലേക്ക് അഞ്ചുവർഷം മുമ്പ് താമസം മാറ്റിയത്.
