അജിത് കുമാർ | Photo: Ajith Kumar Fans Page/X
റേസിങ്ങിനിടെ നടന്‍ അജിത്തിന്റെ കാര്‍ അപകടത്തില്‍പെട്ടതില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ടീം മാനേജര്‍. താരത്തിന് പരിക്കുകളൊന്നുമില്ല, ഇന്നുതന്നെ അജിത് പരിശീലനത്തിനിറങ്ങുമെന്ന് മാനേജര്‍ സുരേഷ് ചന്ദ്ര പറഞ്ഞു. അജിത്തിന്റെ കാര്‍ അപകടത്തില്‍പെടുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആരാധകര്‍ ആശങ്ക പങ്കുവെച്ച സാഹചര്യത്തില്‍ കൂടിയാണ് മാനേജരുടെ പ്രതികരണം. റേസിങ്ങിനിടെ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്നും അദ്ദേഹം വിശദീകരിച്ചു.
:ജനുവരി 11ന് നടക്കാനിരിക്കുന്ന എന്‍ഡ്യൂറന്‍സ് റേസില്‍ പങ്കെടുക്കുന്ന ടീമിലെ നാല് അംഗങ്ങളിലൊരാളാണ് അജിത്. തുടര്‍ച്ചയായി നാല് മണിക്കൂര്‍ റേസ് ചെയ്തുകൊണ്ടുള്ള പരിശീലനത്തിലായിരുന്നു അവര്‍. പരിശീലനം ഏകദേശം മൂന്നര മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അപകടം. അവസാനഘട്ടത്തില്‍ വലിയൊരു വളവുണ്ട്, ഡ്രൈവര്‍ക്ക് കാഴ്ച പരിമിതമായേക്കാവുന്ന ഒരു മേഖലയാണത്. അവിടെവെച്ചാണ് അപകടമുണ്ടായത്. കാര്‍ തകര്‍ന്നു. പക്ഷെ താരത്തിന് ഒന്നും പറ്റിയില്ല. തകര്‍ന്ന കാറില്‍ നിന്ന് അദ്ദേഹം തന്നെയാണ് എഴുന്നേറ്റുവന്നത്. ആംബുലന്‍സ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ആശുപത്രിയിലെത്തിച്ച് മുഴുവന്‍ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട ഒരു സ്ഥിതിയുമില്ല. നാളെ തന്നെ അദ്ദേഹം ട്രാക്കിലേക്ക് തിരിച്ചെത്തും, സുരേഷ് ചൊവ്വാഴ്ച രാത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ചൊവ്വാഴ്ചയായിരുന്നു റേസിങ് പരിശീലനത്തിനിടെ അജിത്തിന്റെ കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ പെടുമ്പോള്‍ അജിത്തിന്റെ കാറിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആയിരുന്നു. ദുബായ് എയറോഡ്രോമില്‍ വച്ചായിരുന്നു അപകടം. അതിവേഗത്തില്‍ ചീറിപ്പായുമ്പോള്‍ കാര്‍ ബാരിക്കേഡില്‍ ഇടിക്കുകയായിരുന്നു. മുന്‍വശം തകര്‍ന്ന കാര്‍, പലതവണ വട്ടം കറങ്ങിയ ശേഷമാണ് നിന്നത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെത്തി അജിത്തിനെ പുറത്തിറക്കി.
ജനുവരി 11ന് ദുബായ് 24 അവര്‍ റേസില്‍ പങ്കെടുക്കാനാണ് അജിത്ത് ദുബായില്‍ എത്തിയത്. ഇതിന്റെ ഭാഗമായുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം. അജിത്ത് കുമാര്‍ റേസിംഗ് എന്ന പേരിലുള്ള കാര്‍റേസിംഗ് ടീമിന്റെ ഉടമകൂടിയാണ് നടന്‍ അജിത്ത്. മാത്യു ഡെട്രി, ഫാബിയാന്‍ ഡുഫ്യൂക്‌സ്, കാമറോണ്‍ മക് ലിയോഡ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. നാല് മണിക്കൂര്‍ നീണ്ട റേസിംഗിന്റെ അവസാന മിനിറ്റുകളിലാണ് അജിത്ത് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. സിങ്കപ്പൂരില്‍ മകളുടെ പിറന്നാള്‍ ആഘോഷിച്ച ശേഷം കഴിഞ്ഞ ദിവസമാണ് അജിത്ത് ദുബായിലെത്തിയത്. 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് ദുബായ് 24 അവര്‍ റേസ്. ടീമിലെ ഒരംഗം ഒരു ലാപില്‍ 6 മണിക്കൂറാണ് തുടര്‍ച്ചയായി ഓടിക്കേണ്ടത്. അജിത് കുമാര്‍ റേസിംഗ് ടീം ആദ്യമായാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
