പ്രതി അഖിലിനെ ആക്രമണം നടത്തിയ പുഷ്പവിലാസം വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16-ന് ഉച്ചയ്ക്ക് രണ്ടുമണിക്കും മൂന്നുമണിക്കും ഇടയ്ക്കാണ് അഖില്‍ മുത്തച്ഛന്‍ ആന്റണിയെയും അമ്മ പുഷ്പയെയും ആക്രമിച്ചത്. അടുത്ത ദിവസം പകല്‍ പതിനൊന്നര മണിയോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പോലീസ് എത്തിയപ്പോള്‍ പുഷ്പ മരിച്ചിരുന്നു.. ദിവസങ്ങളോളം അബോധാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ആന്റണിയും ഒടുവില്‍ മരണത്തിന് കീഴടങ്ങി.

ആക്രമണത്തിനുശേഷം അമ്മയുടെ മൊബൈല്‍ ഫോണ്‍ കൊട്ടിയത്ത് കൊണ്ടുപോയി വിറ്റ് തിരുവനന്തപുരത്ത് എത്തിയ അഖില്‍ ഡല്‍ഹിയിലേക്കും അവിടെനിന്ന് ശ്രീനഗറിലേക്കും കടന്നു. ശ്രീനഗറില്‍ എത്തിയശേഷം ഫോണോ സാമൂഹികമാധ്യമങ്ങളോ ഉപയോഗിച്ചില്ല. ശ്രീനഗറില്‍ വീട്ടുജോലിക്കാരനായി കൂടി. ഒരുമാസത്തില്‍ കൂടുതല്‍ എവിടെയും നിന്നില്ല. ജനുവരിയില്‍ ശ്രീനഗറില്‍നിന്ന് നേപ്പാളിലേക്ക് കടക്കാനിരിക്കെയാണ്, താമസിച്ചിരുന്ന വീട് വളഞ്ഞ് പോലീസ് പിടികൂടിയത്. വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കുമ്പോഴാണ് പോലീസ് എത്തുന്നത്.

മുത്തച്ഛന്‍ ആന്റണിയെ ആക്രമിച്ച മുറിയും അമ്മയെ ഫോണില്‍ വിളിച്ചശേഷം ടി.വി. കണ്ടിരുന്ന മുറിയും ആക്രമണം നടത്തിയ രീതിയും പ്രതി പോലീസിനോട് വിവരിച്ചു. അഖിലിന്റെയും പുഷ്പയുടെയും സിംകാര്‍ഡുകള്‍, ആക്രമണം നടത്തുമ്പോള്‍ ധരിച്ച ഷര്‍ട്ട് എന്നിവയും പോലീസ് കണ്ടെടുത്തു. ആക്രമിക്കാന്‍ ഉപയോഗിച്ചിരുന്ന ചുറ്റികയും മുനയുളിയും നേരത്തേ കിട്ടിയിരുന്നു.

തെളിവെടുപ്പിന് പ്രതിയുമായി പോലീസ് എത്തിയതോടെ നാട്ടുകാര്‍ വീടിനു ചുറ്റുംകൂടി പ്രതിഷേധിച്ചു. കുണ്ടറ എസ്.എച്ച്.ഒ. വി. അനില്‍കുമാര്‍, എസ്.ഐ.മാരായ പി.കെ. പ്രദീപ്, പി. അംബരീഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. സുനു ആഞ്ചലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.