ആർ. നാസർ, യു.പ്രതിഭ എം.എൽ.എ.

ആലപ്പുഴ : മകനുമായി ബന്ധപ്പെട്ട കഞ്ചാവ് കേസ് സംബന്ധിച്ച് യു. പ്രതിഭ പറഞ്ഞ കാര്യങ്ങള്‍ ഒരു അമ്മയുടെ വികാരപ്രകടനമായി മാത്രം കണ്ടാല്‍ മതിയെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍. അവരുടെ ഏകമകനുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു പ്രശ്‌നംവന്നത്. അപ്പോള്‍ അമ്മയെന്ന രീതിയില്‍ സ്വാഭാവികമായ പ്രതികരണമുണ്ടായി. അതിനപ്പുറം ഒന്നുമില്ലെന്നും സി.പി.എം. ജില്ലാ സെക്രട്ടറി പറഞ്ഞു. എക്‌സൈസ് ആരെയും ബോധപൂര്‍വം കേസില്‍ പ്രതിയാക്കില്ലെന്നും സി.പി.എം. ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

”അവര്‍ എം.എല്‍.എ. മാത്രമല്ലല്ലോ, അവര്‍ ഒരു അമ്മ കൂടിയാണ്. അവരുടെ ഏകമകനാണ്. ആ ഏകമകനുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു പ്രശ്‌നം വന്നത്. അപ്പോള്‍ അമ്മയെന്ന രൂപത്തില്‍ സ്വാഭാവികമായും അവരുടെ പ്രതികരണമുണ്ടായി. അതിനപ്പുറം ഒന്നുമില്ല.

അവരുടെ വിശ്വാസം ആ കുട്ടി അങ്ങനെ ചെയ്തിട്ടില്ലെന്നാണ്. മകന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്. ഒരു കൂട്ടുകെട്ടില്‍പ്പോയി ഇങ്ങനെ കേസില്‍ പ്രതിയായപ്പോള്‍ ഒരു അമ്മയുടെ വേദനയാണ് അവര്‍ പറഞ്ഞത്. അതാണ് അവര്‍ പ്രകടിപ്പിച്ചത്. ആ പയ്യന്‍ മാത്രമല്ല, വേറെ കുട്ടികളുമായി പോയസമയത്താണ് ഇങ്ങനെ കേസായത്. നാട്ടിന്‍പുറത്ത് കുട്ടികള്‍ കൂട്ടംകൂടിയാണല്ലോ ഇങ്ങനെയെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ ഏതോ ഗ്യാങ്ങിനകത്ത് ഈ പയ്യന്‍ പെട്ടുപോയതായിരിക്കണം. അങ്ങനെയാകും ഈ കേസ് വന്നിട്ടുള്ളത്.

ഒറ്റമകനെയുള്ളൂ. ഭര്‍ത്താവ് മരിച്ചതാണ്. പിന്നെ ആകെ കൂടി ഈ കുട്ടിയേ ഉള്ളൂ. അവര്‍ അവനെ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഇത് കേട്ടപ്പോളുണ്ടായ പെട്ടെന്നുണ്ടായ ഒരു പ്രതിഷേധമായിരുന്നു. അവര്‍ക്കുണ്ടായ വേദന ഇതാണ്. അങ്ങനെ കണ്ടാല്‍ മതി. എക്‌സൈസ് ബോധപൂര്‍വം ആരെയും കേസില്‍ പ്രതിയാക്കില്ല. അങ്ങനെ പ്രതിയാക്കിയാല്‍ വിവരമറിയില്ലേ. അങ്ങനെ ആരെയും പ്രതിയാക്കാന്‍ പറ്റില്ലല്ലോ”, സി.പി.എം. ജില്ലാ സെക്രട്ടറി പറഞ്ഞു.

മകനുമായി ബന്ധപ്പെട്ട കേസിനെ സംബന്ധിച്ച് യു.പ്രതിഭ എം.എല്‍.എ. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് വിശദീകരണം നല്‍കിയിരുന്നു. മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും ഇതിന്റെ പേരില്‍ വലിയ വേട്ടയാടലാണ് ദിവസങ്ങളായി നടക്കുന്നതെന്നും എം.എല്‍.എ. പറഞ്ഞിരുന്നു.

ചില മാധ്യമങ്ങള്‍ പ്രത്യേകം അജണ്ടയോടെ വാര്‍ത്ത നല്‍കി. എന്നാല്‍, പാര്‍ട്ടി വലിയ പിന്തുണയാണ് നല്‍കിയത്. മകന്‍ എന്തെങ്കിലും തെറ്റ് ചെയ്തെങ്കില്‍ അവനെ തിരുത്തേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍, മകന്‍ തെറ്റ് ചെയ്തിട്ടില്ല. മകന്റെ ചിത്രമടക്കം കൊടുത്ത് വാര്‍ത്ത നല്‍കി. കഴിഞ്ഞ ദിവസം ലഹരിക്കടിമപ്പെട്ട രണ്ട് കുട്ടികള്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ പോലും അവരുടെ ചിത്രങ്ങള്‍ കൊടുത്തിരുന്നില്ല. കൊടുക്കേണ്ട കാര്യവുമില്ല. പക്ഷെ, മകന്റെ കാര്യത്തില്‍ വ്യക്തിപരമായി ദിവസങ്ങളോളം അക്രമം നേരിട്ടുവെന്നും പ്രതിഭ പറഞ്ഞു.

താന്‍ മതം പറഞ്ഞുവെന്ന തരത്തില്‍ വലിയ ചര്‍ച്ച നടക്കുന്നു. ഒരിക്കലും ഇല്ലാത്തൊരു പരാമര്‍ശമാണത്. കാര്യങ്ങള്‍ വളച്ചൊടിച്ചാണ് അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ചില ചാനലുകള്‍ക്ക് അവരുടേതായ അജണ്ടകളുണ്ടായിരുന്നു. അത് നടപ്പാക്കുകയും ചെയ്തുവെന്നും പ്രതിഭ ആരോപിച്ചു.