ഹണി റോസ്
ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ പരാതിയിൽ ഹണി റോസിന് പിന്തുണയുമായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക.. നടി തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നതായും സൈബര്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയായാണ് ഇത് കാണുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഫെഫ്ക വ്യക്തമാക്കി.
ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തക ഹണിറോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു. ഹണിറോസിൻ്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണിറോസിന് അഭിവാദ്യങ്ങൾ. – ഫേസ്ബുക്കിൽ കുറിച്ചു.

നടിയുടെ പരാതിയിൽ ബുധനാഴ്ച രാവിലെയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. വയനാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ബോബി ചെമ്മണൂർ തുടർച്ചയായി അശ്ലീല അധിക്ഷേപങ്ങൾ നടത്തിയെന്നുകാട്ടി പരാതി നൽകിയശേഷം ഹണി റോസ് തന്നെയാണ് ഇത് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ‘‘താങ്കളുടെതന്നെ മാനസികനിലയുള്ള കൂട്ടാളികൾക്കെതിരേയുള്ള പരാതികൾ പുറകെയുണ്ടാകും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ. ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’’ -അന്ന് അവർ സാമൂഹികമാധ്യമത്തിൽ കുറിച്ചു.
മാസങ്ങൾക്കുമുൻപ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങൾക്ക് ഹണി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. പോസിറ്റീവായി നടത്തിയ പരാമർശം കുറേപ്പേർ ദ്വയാർഥത്തിൽ ഉപയോഗിച്ചതാണെന്നും അതിൽ വിഷമമുണ്ടെന്നും ബോബി പ്രതികരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിശദീകരണം തള്ളിക്കൊണ്ടാണ് ഇപ്പോൾ പോലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
