കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ
കൊച്ചി ∙ പെരിയ ഇരട്ടക്കൊല കേസിൽ നാലു പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ അടക്കം നാലു പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞത്. കേസിൽ സിബിഐയുടെ വിചാരണ കോടതി ഉത്തരവിനെതിരെ കുഞ്ഞിരാമൻ അടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
5 വർഷം തടവും 10,000 രൂപ വീതം പിഴയുമായിരുന്നു വിചാരണ കോടതി ഇവർക്കു വിധിച്ചിരുന്നത്. ശിക്ഷ മരവിപ്പിച്ചതോടെ നാലു പ്രതികൾക്കും ജാമ്യം ലഭിക്കും. വിചാരണ കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ പിന്നീടു വാദം കേൾക്കും. ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ചിന്റേതാണു വിധി.
