അനൂപ്കുമാറും ഭാര്യ രാഖിയും(ഇടത്ത്) കുടുംബം താമസിച്ചിരുന്ന വാടകവീട്(വലത്ത്) | Photo: x.com/MadhunaikBunty

ബെംഗളൂരു : നഗരത്തെ ഞെട്ടിച്ച നാലംഗകുടുംബത്തിന്റെ കൂട്ടമരണത്തിന് പിന്നില്‍ സാമ്പത്തികപ്രയാസങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളെന്ന് പോലീസ്. വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നവും ഭിന്നശേഷിക്കാരിയായ മകളെക്കുറിച്ചുള്ള വിഷമവും കുടുംബത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കാമെന്നും പോലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശികളായ അനൂപ്കുമാര്‍(38), ഭാര്യ രാഖി(35) എന്നിവരെയും ഇവരുടെ അഞ്ചുവയസ്സുള്ള മകളെയും രണ്ടുവയസ്സുള്ള മകനെയുമാണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. ബെംഗളൂരു ആര്‍.എം.വി. സെക്കന്‍ഡ് സ്റ്റേജിലെ വാടകവീട്ടിലായിരുന്നു സംഭവം.

മക്കളെ രണ്ടുപേരെയും കൊലപ്പെടുത്തിയശേഷം ദമ്പതിമാര്‍ ആത്മഹത്യചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കുട്ടികളെ ശ്വാസംമുട്ടിച്ചോ വിഷംനല്‍കിയോ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം.

ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്റായി ജോലിചെയ്തിരുന്ന അനൂപ്കുമാര്‍ 45 ദിവസം മുമ്പ് ജോലിയില്‍നിന്ന് രാജിവെച്ചിരുന്നതായാണ് വിവരം. ബെംഗളൂരുവില്‍നിന്ന് പൂണെയിലേക്ക് താമസം മാറ്റാനും കുടുംബം ആലോചിച്ചിരുന്നു. ഇതിനിടെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച കൂട്ട ആത്മഹത്യയുണ്ടായത്.

സംഭവത്തിന് മുമ്പ് അനൂപ്കുമാര്‍ ആത്മഹത്യയ്ക്കുള്ള കാരണങ്ങള്‍ വിശദീകരിച്ച് സഹോദരന് ഇമെയില്‍ അയച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ജീവിതത്തിലെ കഠിനമായ ഘട്ടത്തില്‍ മാതാപിതാക്കള്‍ തന്നെ അവഗണിച്ചതായും ഇമെയില്‍ സന്ദേശത്തിലുണ്ടായിരുന്നു. സാമ്പത്തികബാധ്യതകളെക്കുറിച്ച് അനൂപ്കുമാര്‍ ഇതുവരെയും ആരുമായും ചര്‍ച്ച ചെയ്തിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് നാലുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കോളിങ് ബെല്ലടിച്ചിട്ടും പ്രതികരണമില്ലാതായതോടെ വീട്ടുജോലിക്കാരി വാതിലില്‍ തട്ടിവിളിക്കുകയായിരുന്നു. വാതില്‍ ചാരിയനിലയില്‍ കണ്ടതോടെ ഇവര്‍ അകത്തുകയറി. തുടര്‍ന്നാണ് അനൂപ്കുമാറിന്റെ മൃതദേഹം കണ്ടത്. ഇതോടെ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു.

ഞായറാഴ്ച തനിക്ക് അവധിയാണെങ്കിലും ഇക്കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ വരണമെന്ന് രാഖി പറഞ്ഞിരുന്നതായി വീട്ടുജോലിക്കാരി പറഞ്ഞു. അനൂപും രാഖിയും മക്കളും മൂന്നോ നാലോ ദിവസത്തേക്ക് പുതുച്ചേരിയിലേക്ക് യാത്ര പോകുമെന്ന് പറഞ്ഞിരുന്നു. യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി സഹായിക്കാനായാണ് ഞായറാഴ്ചയും വരാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഞായറാഴ്ച രാത്രി ഏഴരയോടെയാണ് വീട്ടില്‍നിന്ന് പോയതെന്നും യുവതി പറഞ്ഞു. രണ്ടുവര്‍ഷമായി അനൂപ്-രാഖി ദമ്പതിമാരുടെ വീട്ടില്‍ ജോലിചെയ്യുന്നുണ്ടെന്നും ശമ്പളമെല്ലാം കൃത്യമായി നല്‍കിയിരുന്നതായും സാമ്പത്തികപ്രയാസങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഇവര്‍ പ്രതികരിച്ചു.

അനൂപും രാഖിയും ബെംഗളൂരുവിലെ വാടകവീട്ടില്‍ താമസമാക്കിയിട്ട് രണ്ടുവര്‍ഷമായെന്ന് കുടുംബസുഹൃത്തായ ചന്ദ്രികയും മാധ്യമങ്ങളോട് പറഞ്ഞു. ”അവരുടെ മകള്‍ ഭിന്നശേഷിക്കാരിയാണ്. വസ്തുതര്‍ക്കത്തില്‍ അനൂപ് വഞ്ചിക്കപ്പെട്ടിരുന്നു. ആറോ അഞ്ചോ വര്‍ഷമായി വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട കേസ് നടക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് തന്നെ അവസാനം വിളിച്ചത്. അന്ന് അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല”, ചന്ദ്രിക പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)