കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് നിയമസഭാ സാഹിത്യപുരസ്‌കാരം എം. മുകുന്ദന് നൽകിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ആദരിക്കുന്നു
തിരുവനന്തപുരം : അധികാരത്തിന്റെകൂടെ നില്‍ക്കരുത് എന്നുപറയുന്നത് തെറ്റായ ധാരണയാണെന്നും എഴുത്തുകാര്‍ പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള നിയമസഭയുടെ സാഹിത്യപുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സര്‍ക്കാരുമായും പ്രതിപക്ഷവുമായും എല്ലാവരുമായും എഴുത്തുകാര്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. വലിയൊരു കേരളത്തെ നിര്‍മിക്കാന്‍ ഞാന്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കൂടെ നില്‍ക്കാന്‍ ഇനിയും ശ്രമിക്കും. കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സര്‍ക്കാര്‍ എന്നെ നിയമിച്ചപ്പോള്‍ വലിയ ആരോപണമായിരുന്നു. അക്കാദമിയുടെ അധ്യക്ഷനായി വരേണ്ടത് എഴുത്തുകാരനല്ലെങ്കില്‍ പിന്നെയാരാണെന്ന് ഞാന്‍ ചോദിച്ചു. ഫാക്ടറി ഉടമയെയോ വ്യാപാരിയെയോ അധ്യക്ഷനാക്കാനാകുമോ’ – മുകുന്ദന്‍ ചോദിച്ചു.
എഴുതിയെഴുതിയാണ് തനിക്ക് വാര്‍ധക്യം വന്നതെന്നും തലനരച്ചതെന്നും മുകുന്ദന്‍ പറഞ്ഞു. അക്ഷരങ്ങളിലൂടെയുള്ള എന്റെ സഞ്ചാരം എളുപ്പമായിരുന്നില്ല. ആദ്യകാലത്ത് തടസ്സങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നിട്ടും യാത്ര തുടര്‍ന്നു. അതുസാധ്യമാക്കിയത് നാടും നാട്ടുകാരുമാണ്. നാട്ടുകാരുടെ സഹകരണമില്ലാതെ എഴുത്തുകാരന് മുന്നോട്ടുപോകാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
