കോൺഗ്രസിന്റെ നിലവിലെ ആസ്ഥാനവും പുതിയ ആസ്ഥാനവും

ന്യൂഡല്‍ഹി : ചരിത്രപരവും നിര്‍ണായകവുമായ പല സംഭവങ്ങള്‍ക്കും നിശബ്ദമായി സാക്ഷ്യം വഹിച്ച ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള വെള്ള നിറത്തിലുള്ള ആ ബംഗ്ലാവ്, അക്ബര്‍ റോഡ് 24. രാജ്യത്തെ ഏറ്റവുംപഴക്കം ചെന്ന പാര്‍ട്ടിയുടെ വിലാസമാണിത്. അര നൂറ്റാണ്ടിന് ശേഷം കോണ്‍ഗ്രസ് പുതിയ ആസ്ഥാനത്തേക്ക് മാറുകയാണ്. ഇനി പുതിയ ആസ്ഥാനത്തേക്ക് ജനുവരി 15-ന് മാറുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

‘കാലത്തിനനുസരിച്ച് മുന്നേറാനും പുതിയതിനെ സ്വീകരിക്കാനുമുള്ള സമയമാണിത്!’ പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു. ഇന്ദിരാഗാന്ധി ഭവന്‍ എന്നാണ് പുതിയ ആസ്ഥാന മന്ദിരത്തിന്റെ പേര്.

കോട്‌ല റോഡിലുള്ള 9എ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 15-ന് രാവിലെ പത്തു മണിക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിര്‍വ്വഹിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാകും ഉദ്ഘാടനം. സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷയായിരുന്ന സമയത്താണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്.

പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍, സംസ്ഥാന ഭാരവാഹികള്‍, എംപിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

‘കോട്ല റോഡിലെ 9എയില്‍ സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി ഭവന്‍, പാര്‍ട്ടിയുടെയും അതിന്റെ നേതാക്കളുടെയും വളര്‍ന്നുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, ഭരണപരവും സംഘടനാപരവും തന്ത്രപരവുമായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു’ കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

ആറ് നിലകളുള്ള പുതിയ ആസ്ഥാന കെട്ടിടത്തിന് അനുവദിച്ച സ്ഥലം ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലാണെങ്കിലും, ഈ വിലാസം വരാതിരിക്കാന്‍ ഇതിന്റെ പ്രവേശന കവാടം കോട്‌ല റോഡിലേക്കാക്കിയിരുന്നു.

2009-ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയും സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷയും ആയിരിക്കുമ്പോഴാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 15 വര്‍ഷത്തിന് ശേഷമാണ് പണി പൂര്‍ത്തിയാക്കി കെട്ടിടം ഉദ്ഘാടനം നടത്തുന്നത്.