കനത്ത മഴയെത്തുടർന്ന് സൗദിയിൽ രൂപപ്പെട്ട വെള്ളക്കെട്ട്

ജിദ്ദ : സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച ശക്തമായമഴ പെയ്തു. വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, ഹയിൽ, മദീന, ഖസീം, കിഴക്കൻപ്രവിശ്യ, റിയാദ്, മക്ക, അൽ-ബഹ എന്നിവിടങ്ങളിൽ ഇടിയോടുകൂടിയ മഴ ശക്തമായിരുന്നു.

കാറ്റും ആലിപ്പഴവർഷവും ഒട്ടുമിക്കയിടങ്ങളിലും വെള്ളപ്പൊക്കവുമുണ്ടായി. കനത്ത മഴ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തേതന്നെ നൽകിയിരുന്നു. തബൂക്ക് മേഖലയിലെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടു. സൗദിയുടെ വടക്കൻ ഭാഗങ്ങളിൽ നേരിയ മഞ്ഞുവീഴ്ചയുമുണ്ടായി.

ജിദ്ദയിലെ അൽ-ബസാതീനിലാണ് തിങ്കളാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത്. 38 മില്ലിമീറ്ററാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് മഴയെന്നും കാലാവസ്ഥാ വിഭാഗം വക്താവ് അൽ ഖഹ്താനി അറിയിച്ചു. മദീനയുടെ മധ്യഭാഗത്ത് 36 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായും വക്താവ് പറഞ്ഞു.

ജിദ്ദ ഗവർണറേറ്റിൽ മഴക്കെടുതി നേരിടാൻ മുനിസിപ്പാലിറ്റി ശ്രമങ്ങൾ തുടരുകയാണ്. പലയിടത്തും വെള്ളം കയറി. കെട്ടികിടക്കുന്ന വെള്ളം ഒഴിവാക്കാനായി തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്.

റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് മാറ്റുവാനായി ശ്രമിക്കുന്ന തൊഴിലാളികൾ

വെള്ളം കെട്ടികിടക്കുന്ന സ്ഥലത്തുനിന്നു മാറി നിൽക്കണമെന്നും വൈദ്യുതാഘാതമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടു.പ്രശ്ന ബാധിത പ്രദേശങ്ങളിൽ ജനജീവിതം സാധാരണ നിലയിലാക്കാനും പൊതു റോഡുകൾ ഗതാഗതയോഗ്യമാക്കാനും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചതായി ജിദ്ദ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ജിദ്ദയിൽ 11 മുനിസിപ്പാലിറ്റി കേന്ദ്രങ്ങളിലും 15 സഹായ കേന്ദ്രങ്ങളിലുമായി 1,811 ഉപകരണങ്ങളുമായി 4,032 ജോലിക്കാരെയാണ് നിയമിച്ചിരിക്കുന്നത്.

മക്കയിലും മദീനയിലും അതിശക്തമായ മഴയാണ് പെയ്തത്. ഇവിടങ്ങളിലും മഴക്കെടുതി നേരിടാനുള്ള സംവിധാനം അധികൃതർ ഒരുക്കി. തൊഴിലാളികളുടെയും സന്ദർശകരുടെയും സുരക്ഷ മുൻനിർത്തി വിനോദസഞ്ചാര മേഖലയായ അൽഉല പഴയ പട്ടണം, ഹറാത്തു ഉവൈരിദ് വ്യൂപോയിന്റ്, എലിഫന്റ് പർവതനിര എന്നിവ അടച്ചിട്ടു. ജിദ്ദയിൽ പെയ്ത കനത്തമഴയുടെ പശ്ചാത്തലത്തിൽ വിമാനങ്ങൾ പുറപ്പെടുന്ന സമയം ഉറപ്പാക്കണമെന്ന് യാത്രക്കാരോട് വിമാനത്താവള അധികൃതർ നിർദേശിച്ചു. ജിദ്ദ കിങ്‌ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് വിമാന അധികൃതർ, ട്രാവൽ ഏജൻസികൾ എന്നിവരുമായി ബന്ധപ്പെടണമെന്നും നിർദേശത്തിലുണ്ട്.