കൊല്ലപ്പെട്ട റിജിത്ത്

തലശ്ശേരി : സി.പി.എം. കണ്ണപുരം ചുണ്ട ബ്രാഞ്ചംഗം കണ്ണപുരത്തെ അലിച്ചിവീട്ടില്‍ റിജിത്ത് ശങ്കരനെ (25) ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയത് രാഷ്ട്രീയവിരോധം കാരണം. 2005 ഒക്ടോബർ മൂന്നിനാണ് റിജിത്തിനെ പത്തംഗ അക്രമിസംഘം ക്രൂരമായി കൊന്നത്. കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തി നേരത്തേ കണ്ടെത്തിയിരുന്നു. 19 വര്‍ഷത്തിന് ശേഷം കേസില്‍ ശിക്ഷ വിധിച്ചപ്പോള്‍ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം തടവാണ് ലഭിച്ചത്.

ചുണ്ട തച്ചന്‍കണ്ടി ക്ഷേത്രത്തിനടുത്തുവെച്ചാണ് സി.പി.എം. പ്രവര്‍ത്തകനായ റിജിത്തിനെ കൊലപ്പെടുത്തിയത്. കിണറിനുപിറകില്‍ ഒളിച്ചിരുന്ന 10 പേര്‍ ആയുധവുമായി ചാടിവീണ് അക്രമിക്കുകയായിരുന്നു. ഒന്നാംപ്രതി സുധാകരന്‍ അക്രമത്തിന് തുടക്കമിട്ടു. ഒന്നിച്ചുണ്ടായിരുന്ന നികേഷിനെ കുത്തുന്നത് തടഞ്ഞ റിജിത്തിനെ രണ്ടാംപ്രതി ജയേഷ് കഠാരകൊണ്ട് കുത്തി. ശരീരത്തിന്റെ പിറകിലാണ് കുത്തേറ്റത്. റിജിത്തിന് ചെറുകുന്ന് സെയ്ന്റ് മാര്‍ട്ടിന്‍ ഡി പോറസ് ആസ്പത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു.

സംഭവത്തിന്റെ തലേദിവസം വൈകീട്ട് ആര്‍.എസ്.എസ്. ശാഖ നടത്തുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് അക്രമ കാരണം. ആര്‍.എസ്.എസ്. ശാഖ അക്രമിക്കാന്‍ എത്തിയപ്പോള്‍ അപരിചിതരായ ആളുകള്‍ അക്രമിച്ചെന്നായിരുന്നു പ്രതിഭാഗ വാദം. സംഭവം നടന്ന സ്ഥലം ശാഖയുടെ അടുത്തല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോകുമ്പോഴാണ് അക്രമം. സുഹൃത്തുക്കളായ കെ.വി. നികേഷ്, ആര്‍.എസ്. വികാസ്, കെ.എന്‍. വിമല്‍ എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. നികേഷിന്റെ പരാതിയാണ് കേസെടുത്തത്. വാക്കത്തി, കഠാര, വടിവാള്‍, വലിയ കഠാര, സ്റ്റീല്‍പൈപ്പ്, ഉറയോടുകൂടിയ വാള്‍ എന്നിവ ഉപയോഗിച്ചാണ് അക്രമിച്ചത്.

അക്രമിക്കാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ മൂന്നിടത്തുനിന്ന് അന്വേഷണസംഘം കണ്ടെത്തി. കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരം, ഒരു വീട്ടിലെ മടല്‍ കൂമ്പാരം, നീലിയാര്‍കോട്ടം മരത്തിന് സമീപം എന്നിവിടങ്ങളില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വളപട്ടണം സി.ഐ.യായിരുന്ന ടി.പി. പ്രേമരാജനാണ് അന്വേഷണം നടത്തിയത്.

ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും 23 വിധിന്യായങ്ങള്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബി.പി. ശശീന്ദ്രന്‍ കോടതിയില്‍ ഹാജരാക്കി. കേസ് വിചാരണ തുടങ്ങിയ സമയത്ത് ശശീന്ദ്രന്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. പിന്നിട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി. കേസില്‍ പ്രോസിക്യൂഷന്‍ നാലുദിവസവും പ്രതിഭാഗം രണ്ടുദിവസവും വാദം നടത്തി.

അന്യായമായി സംഘംചേരല്‍ സംഘംചേര്‍ന്ന് അക്രമം, ആയുധവുമായി സംഘംചേര്‍ന്നു, അന്യായമായി തടഞ്ഞുവെച്ചു, ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിച്ചു എന്നീ കുറ്റങ്ങള്‍ക്കും പ്രതികള്‍ കുറ്റക്കാരാണ്. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, 10 പ്രതികള്‍ ആയുധം കൈവശംവെച്ചതിനും കുറ്റക്കാരാണ്. കുറ്റക്കാരാണന്ന് കണ്ടെത്തിയ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പ്രതികളില്‍ ആറുപേര്‍ സഹോദരങ്ങളാണ്. രണ്ടും മൂന്നും പ്രതികളും അഞ്ചും ഏഴും എട്ടും ഒന്‍പതും പ്രതികളും സഹോദരങ്ങളാണ്. കൊലപാതകം നടന്നിട്ട് 19 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധിപറഞ്ഞത്. കൊലപാതകം നടന്നിട്ട് ഒക്ടോബറില്‍ 20 വര്‍ഷം പൂര്‍ത്തിയാകും.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയശേഷം ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതികള്‍ ജഡ്ജിയോട് പറഞ്ഞു. ഭാര്യ മരിച്ചു; മകന്‍ മാത്രമേയുള്ളൂവെന്ന് പത്താംപ്രതി ടി.വി. ഭാസ്‌കരന്‍. സഹോദരങ്ങള്‍ പ്രതിയായതിനാല്‍ വീട്ടുകാരെ സംരക്ഷിക്കാന്‍ ആളില്ലെന്ന് ഒന്‍പതാംപ്രതി ശ്രീജിത്ത്. സഹോദരന്‍ ശ്രീകാന്തും പ്രതിയാണ്. അമ്മ മാത്രമേയുള്ളൂ. സഹോദരന്‍ മരിച്ചു. അതിനാല്‍ ശിക്ഷയിളവ് നല്‍കണമെന്ന് രണ്ടാം പ്രതി ജയേഷ്. ജയേഷിന്റെ ഇരട്ട സഹോദരന്‍ കേസില്‍ പ്രതിയായിരുന്ന അജേഷ് സംഭവശേഷം വാഹനാപകടത്തില്‍ മരിച്ചു.