പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : രാജ്യത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി എച്ച്.എം.പി.വി. സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള ഏഴും പതിനാലും വയസ്സുള്ള രണ്ടുകുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ലാബിൽ നിന്നുള്ള പരിശോധനയിലാണ് ഫലം പുറത്തുവന്നത്. ജനുവരി മൂന്നിനാണ് പനിയും ചുമയും മൂലം കുട്ടികളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച എച്ച്.എം.പി.വി. കേസുകളുടെ എണ്ണം ഏഴായി.
കുട്ടികളുടെ സാമ്പിളുകൾ എയിംസ് വൈറോളജി ഡിപ്പാർട്മെന്റിലേക്ക് അയച്ചിരിക്കുകയാണ്. രണ്ടുരോഗികളും നിലവിൽ രോഗമുക്തരാണെന്ന് നാഗ്പൂർ കളക്ടർ അറിയിച്ചു.
തിങ്കളാഴ്ച അഞ്ച് എച്ച്.എം.പി.വി. കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിലെ ബെംഗളൂരുവിൽ നിന്നാണ് ആദ്യരണ്ടു കേസുകൾ. പിന്നാലെ തമിഴ്നാട്ടിൽ രണ്ടുപേരിലും ഗുജറാത്തിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. അതിനിടെ ഈ രോഗം പുതുതല്ലെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കർണാടകയിൽ രോഗം സ്ഥിരീകരിച്ചതിനുപിന്നാലെ മഹാരാഷ്ട്രയിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയ്ക്കെതിരേ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവിഭാഗം ഡയറക്ടർ ഡോ. നിതിൻ അംബാദേക്കർ സംസ്ഥാനത്തുടനീളമുള്ള ഡെപ്യൂട്ടി ഡയറക്ടർമാർ, സിവിൽ സർജന്മാർ, ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവർക്ക് നിർദേശം നൽകി. ആവശ്യമായ മുൻകരുതലുകൾ നടപ്പാക്കുമെന്നും ജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (Human metapneumovirsu)
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (Human metapneumovirsu). 2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞ ഇത് ന്യൂമോവിരിഡേ (Pneumoviridae) ഗണത്തില്‍പ്പെട്ട വൈറസാണ്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്ന ഇത് ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരേയും ഇത് കൂടുതലായി ബാധിക്കാം.
സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചാല്‍ ശ്വാസം മുട്ടലും ശ്വാസതടസവും പോലുള്ള ബുദ്ധിമുട്ടുകളും കാണിക്കാം. ചില സന്ദര്‍ഭങ്ങളില്‍, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.
രോഗം ബാധിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ രോഗം പടരുന്നു. രോഗം ബാധിച്ചവര്‍ ചുമയ്ക്കുകയോ തുമ്മുകയോ വഴി രോഗം പടരാം. സ്പര്‍ശനം പോലുള്ള അടുത്ത ശാരീരിക ബന്ധവും രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകും. വൈറസിന്റെ സാന്നിധ്യമുള്ള പ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പര്‍ശിക്കുന്നതും രോഗബാധയുണ്ടാക്കാം. എച്ച്എംപിവിയുടെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്.
കുറഞ്ഞത് 20 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക എന്നിവയാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍. നിലവില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദഗ്ധര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമാണ് ചെയ്യാന്‍ സാധിക്കുക. ഇതിന് വിശ്രമം അത്യാവശ്യമാണ്. ഒപ്പം പനിയും ശ്വാസംമുട്ടലും വേദനയും കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കാം. ഗുരുതര കേസുകളില്‍ ആശുപത്രി പ്രവേശനം ആവശ്യമായി വന്നേക്കാം.
