Photo: PTI

മുംബൈ : താജ് മഹല്‍ പാലസ് ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട ഒരേ നമ്പറിലുള്ള രണ്ട് കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രണ്ടുകാറുകളുടെയും ഡ്രൈവര്‍മാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുംബൈ കൊളാബയിലെ പ്രശസ്തമായ താജ് മഹല്‍ പാലസ് ഹോട്ടലിന് സമീപത്തായിട്ടാണ് ഒരേ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള രണ്ട് ടാക്‌സി കാറുകള്‍ നിര്‍ത്തിയിട്ടിരുന്നത്. രണ്ടും ഒരേ മോഡല്‍ കാറുകളായിരുന്നു.

‘MH 01 EE 2388’ എന്ന രജിസ്‌ട്രേഷനാണ് രണ്ടുകാറിലും പതിച്ചിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയാള്‍ ട്രാഫിക് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസെത്തി രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ രണ്ട് ഡ്രൈവര്‍മാരുടെ മൊഴി രേഖപ്പെടുത്തിവരികയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.