അറസ്റ്റിലായ ലാലു, സജിൻ

കാട്ടാക്കട (തിരുവനന്തപുരം) : ഭിക്ഷയാചിച്ച് നടന്ന വയോധികയെ വീടിനുള്ളില്‍ വിളിച്ചുവരുത്തി പൂട്ടിയിട്ട് ഉപദ്രവിച്ച സംഭവത്തില്‍ അറസ്റ്റിലായ പോലീസുകാരനും സുഹൃത്തിനും കാട്ടാക്കട കോടതി താത്കാലിക ജാമ്യം അനുവദിച്ചു. കേസിലെ പ്രതികളായ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചല്‍ പാലേലി മണലിവിള വീട്ടില്‍ ലാലു (41), സുഹൃത്ത് കുറ്റിച്ചല്‍ മേലെമുക്ക് സിതാര ഭവനില്‍ സജിന്‍ (44) എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്.

കേസില്‍ ഉള്‍പ്പെട്ട പോലീസുകാരന്‍ ലാലുവിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. ഇരുവരും ചേര്‍ന്ന് പൂവച്ചല്‍ യു.പി. സ്‌കൂളിന് സമീപം സജിന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് വയോധികയെ പൂട്ടിയിട്ടത്.

ബഹളംകേട്ട് നാട്ടുകാരാണ് വിഷയത്തില്‍ ഇടപെട്ട് പോലീസില്‍ അറിയിച്ച് ഇവരെ മോചിപ്പിച്ചത്. സംഭവസമയം പ്രതികള്‍ ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു. വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്കെതിരേ സ്ത്രീയെ കൈയേറ്റം ചെയ്യല്‍, പണാപഹരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയത്.