പ്രതീകാത്മക ചിത്രം
സുൽത്താൻബത്തേരി : ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറിപ്പും കത്തും പുറത്തുവന്നതോടെ ജില്ലയിലെ കോൺഗ്രസ് നേതൃത്വമാകെ പ്രതിക്കൂട്ടിൽ. ദിവസങ്ങളായി ഉയർന്ന ആരോപണ പ്രത്യാരോപണങ്ങൾക്കിടയിലാണ് തിങ്കളാഴ്ച വിജയന്റെ കുറിപ്പും കത്തും പുറത്തുവന്നത്. കെ.പി.സി.സി. നേതൃത്വത്തെ സമീപിച്ചിട്ടും നടപടിയില്ലാത്തതിനാലാണ് കത്ത് പോലീസിന് നൽകിയതെന്ന കുടുംബത്തിന്റെ നിലപാട് വരുംദിവസങ്ങളിൽ കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കും.
സി.പി.എമ്മും ബി.ജെ.പി.യും ആരോപണങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തുവന്നപ്പോഴും വിശദീകരണയോഗത്തിലൂടെ പ്രതിരോധിക്കുകയാണ് കോൺഗ്രസ് ചെയ്തത്. ബാങ്ക് നിയമനക്കോഴയുമായി ബന്ധപ്പെട്ട പരാതികൾ വരുമ്പോഴും നിയമപരമായി നേരിടുമെന്നായിരുന്നു എം.എൽ.എ.യുടെയും ഡി.സി.സി. നേതൃത്വത്തിന്റെയും നിലപാട്. ഒരേ വാദം ഉന്നയിച്ചതിനപ്പുറം ശക്തമായി പ്രതിരോധിക്കാൻപോലും കോൺഗ്രസിന് സാധിച്ചില്ല. അതിനിടെയാണ് കാര്യങ്ങൾ കൂടുതൽ പ്രതിരോധത്തിലാക്കി ആത്മഹത്യക്കുറിപ്പ് കുടുംബം പുറത്തുവിട്ടത്.
കുറിപ്പ് കോൺഗ്രസ് അണികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. വർഷങ്ങളായി നേതൃത്വത്തിനുനേരേയുള്ള ആരോപണങ്ങളെ ഫലപ്രദമായി നേരിടാനായില്ല. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം ആരോപണം നേരിട്ടു. ഇതിനൊന്നും ഇടവരാതെ വിഷയം അവസാനിപ്പിക്കേണ്ട ജാഗ്രതയുണ്ടായില്ല. എൻ.എം. വിജയന്റെ മരണത്തിന് പിന്നാലെയെങ്കിലും കുടുംബത്തെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. അതിലും നേതൃത്വം പരാജയപ്പെട്ടെന്നാണ് ആരോപണങ്ങൾ ഉയരുന്നത്.
സജീവ ചർച്ചകൾ നടന്നിരുന്ന പല പാർട്ടിഗ്രൂപ്പുകളും അഡ്മിൻ ഓൺലിയാക്കി
ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യക്കുറിപ്പും കത്തുകളും പുറത്തുവന്നതോടെ വെട്ടിലായി കോൺഗ്രസ് നേതൃത്വം. സജീവ ചർച്ചകൾ നടന്നിരുന്ന പല പാർട്ടിഗ്രൂപ്പുകളും അഡ്മിൻ ഓൺലിയാക്കിയതായാണ് വിവരം. പ്രവർത്തകരുടെ പ്രതികരണങ്ങളും മറ്റും ചർച്ചയാകാതിരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഗ്രൂപ്പുകൾ അഡ്മിൻ ഓൺലിയായത്. വൈകീട്ടോടെ ആരോപണങ്ങളെ പ്രതികരിക്കാൻ പാർട്ടി തയ്യാറായതോടെ ഗ്രൂപ്പുകൾ സാധാരണ നിലയാക്കുകയും ചെയ്തെന്നും അറിയുന്നു.
കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും
പോലീസിന്റെ പ്രത്യേക അന്വേഷണസംഘവും വിജിലൻസും വിഷയത്തിൽ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. എൻ.എം. വിജയന്റെ കുടുംബം നൽകിയ കത്തുകൾ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. മകന്റെയും മരുമകളുടെയും മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച മറ്റു കുടുംബാംഗങ്ങളിൽ ചിലരുടെയും മൊഴിയെടുത്തിട്ടുണ്ട്. കുറിപ്പിലും കത്തുകളിലും പരാമർശിക്കുന്നവരുടെ മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ആദ്യഘട്ടത്തിൽ താഴേത്തട്ടിലുള്ള നേതാക്കളുടെ മൊഴിയാകും രേഖപ്പെടുത്തുകയെന്നാണ് സൂചന.
എൻ.എം. വിജയന്റെ കത്തിലെ പ്രധാന ആരോപണങ്ങൾ
- ബാങ്ക് നിയമനത്തിനായി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടതനുസരിച്ച് ഏഴുലക്ഷം രൂപ വാങ്ങി. നെന്മേനി പഞ്ചായത്ത് മുൻഅംഗം യു.കെ. പ്രേമൻ മുഖേനയാണ് തുക വാങ്ങിയത്. രണ്ടുലക്ഷം രൂപ തിരികെ നൽകി. ബാക്കിത്തുക നൽകാമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. പറയുന്നതല്ലാതെ നൽകുന്നില്ല.
- ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവർ ബത്തേരി സഹകരണ അർബൻ ബാങ്ക് നിയമനം വാഗ്ദാനംചെയ്ത് പത്തുലക്ഷം രൂപ വാങ്ങി. ഇതിന് എൻ.എം. വിജയന്റെ പേരിലുള്ള എട്ടുസെന്റ് ഭൂമിയുടെ പണയാധാരവും ചെക്കും നൽകി. എൻ.ഡി. അപ്പച്ചന്റെ വീടിനു സമീപത്തെ ചാക്കോയ്ക്കാണ് ഇതു നൽകിയത്. ചാക്കോ കോടതിയെ സമീപിച്ചതോടെ തന്റെ ഭൂമി വിൽക്കാൻ സാധിക്കാത്ത അവസ്ഥയായി.
- സുൽത്താൻബത്തേരി സഹകരണ അർബൻബാങ്കിലെ നിയമനവിജ്ഞാപനത്തിൽ എൻ.എം. വിജയന്റെ മകനായിരുന്നു പി.ടി.എസ്. തസ്തികയിൽ ഒന്നാംറാങ്ക്. അതു അട്ടിമറിച്ച് അന്നു ഡി.സി.സി. പ്രസിഡന്റായിരുന്ന ഐ.സി. ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ താത്പര്യപ്രകാരം നിയമനം നടത്തി. ഏഴുവർഷം ജോലിചെയ്ത മകനെ പിരിച്ചുവിട്ടാണ് ഐ.സി. നിയമനം നടത്തിയത്.
- വയനാട് ജില്ലയിലെ മൂന്ന് മുൻ ഡി.സി.സി. പ്രസിഡന്റുമാർ തമ്മിൽ ബാങ്ക് നിയമനത്തിന് വാങ്ങിയ തുക വിഹിതം വെച്ചതിലെ ഏറ്റക്കുറച്ചിലുമായി ബന്ധപ്പെട്ട തർക്കമാണ് ബാങ്ക് നിയമനവിവാദമായി മാറിയത്. പി.ടി.എസ്. നിയമനത്തിനുപോലും 25 ലക്ഷം രൂപ കൈപ്പറ്റി.
എം.എൽ.എ.യുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ
സുൽത്താൻബത്തേരി : ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യക്ക് പിന്നിൽ ഡി.സി.സി. നേതൃത്വത്തിനും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യ്ക്കും പങ്കുണ്ടെന്ന ആരോപണവുമായി കത്ത് പുറത്തുവന്നതോടെ എം.എൽ.എ.യുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ. തിങ്കളാഴ്ച വൈകീട്ട് 4.45-ഓടെ പതിനഞ്ചോളം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ബത്തേരിയിലെ എം.എൽ.എ. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.

എം.എൽ.എ. ഓഫീസിലേക്ക് കയറാൻശ്രമിച്ച ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുന്നു.
കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ഓഫീസിന്റെ വാതിൽ അടച്ചിടുകയും പോലീസ് നിലയുറപ്പിക്കുകയും ചെയ്തതോടെ ഓഫീസിന് അകത്തേക്ക് കയറാനായില്ല. മുൻപിൽ സ്ഥാപിച്ചിരുന്ന ബോർഡുംമറ്റും വലിച്ചിട്ടു. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ ഓഫീസിന് മുന്നിൽ നിന്നു. പ്രതിഷേധവിവരം നേരത്തേയറിഞ്ഞ പോലീസ് ഓഫീസ് കെട്ടിടത്തിന് താഴെ ബാരിക്കേഡ് വെച്ചിരുന്നെങ്കിലും പെട്ടെന്നെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കയറുകയായിരുന്നു. പിരിഞ്ഞുപോകാതിരുന്ന പ്രവർത്തകരെ അഞ്ചുമണിയോടെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, റിതുശോഭ്, അർജുൻ ഗോപാൽ, ജിഷ്ണു ഷാജി, അജിത്ത് കെ. ഗോപാൽ, കെ. വിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 12 ആളുകളുടെപേരിൽ കേസെടുത്ത പോലീസ് ഇവരെ ജാമ്യത്തിൽ വിട്ടു.
ആറോടെ സി.പി.എം. ഏരിയാ കമ്മിറ്റി ബത്തേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ കോലംകത്തിച്ചു. ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനംചെയ്തു. സുരേഷ് താളൂർ, കെ.എം. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. കെ.പി. യോഹന്നാൻ, എം.എസ്. വിശ്വനാഥൻ, ടി.കെ. ശ്രീജൻ, ലിജോ ജോണി തുടങ്ങിയവർ നേതൃത്വംനൽകി. എ.കെ.ജി. മന്ദിരത്തിൽനിന്ന് തുടങ്ങിയ പ്രകടനം ടൗൺചുറ്റി സമാപിച്ചു. ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തി. എട്ടിന് ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചും എം.എൽ.എ. ഓഫീസിനുനേരേയുണ്ടായ ഡി.വൈ.എഫ്.ഐ. കടന്നുകയറ്റത്തിൽ പ്രതിഷേധിച്ചും ബത്തേരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനം
ആറരയോടെയാണ് ബി.ജെ.പി. ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നത്. എം.എൽ.എ. രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനം ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എസ്. കവിത അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഹരി പഴുപ്പത്തൂർ, എം.പി. ദിനേശ്കുമാർ, ഷീല തൊടുവെട്ടി, എൻ.എൻ. മനോജ്കുമാർ, ജെ.പി. ജയേഷ് തുടങ്ങിയവർ നേതൃത്വംനൽകി. ചുങ്കം മുതൽ അസംപ്ഷൻ ജങ്ഷൻ വരെയായിരുന്നു പ്രകടനം.
ഏഴരയോടെ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചും എം.എൽ.എ. ഓഫീസിനുനേരേയുണ്ടായ ഡി.വൈ.എഫ്.ഐ. കടന്നുകയറ്റത്തിൽ പ്രതിഷേധിച്ചും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ബത്തേരിയിൽ പ്രകടനം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ഡി.പി. രാജശേഖരൻ ഉദ്ഘാടനംചെയ്തു. നേതാക്കളായ നിസി അഹമ്മദ്, സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂർ, ബെന്നി വടക്കനാട്, സക്കറിയ മണ്ണിൽ, യൂനുസ് അലി, നൗഫൽ കൈപ്പഞ്ചേരി, റിനു ജോൺ, ഗഫൂർ പടപ്പ്, കെ.ടി. കുര്യാക്കോസ്, മനോജ് ചന്ദനക്കാവ്, പോൾസൺ പത്രോസ്, വിജയകുമാർ തുടങ്ങിയവർ നേതൃത്വംനൽകി.

സി.പി.എം. നല്ലൂർനാട് ലോക്കൽകമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനം
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്നുമാവശ്യപ്പെട്ട് സി.പി.എം. നല്ലൂർനാട് ലോക്കൽകമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. ലോക്കൽസെക്രട്ടറി മനു ജി. കുഴിവേലി, ഏരിയാകമ്മിറ്റിയംഗം ഇന്ദിരാ പ്രേമചന്ദ്രൻ, പി. സന്തോഷ്, ജോയ് പി. കുരിശിങ്കൽ, എം.പി. വത്സൻ, പി.യു. സന്തോഷ് എന്നിവർ നേതൃത്വംനൽകി. എം.എൽ.എ. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ.പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കി.
നേതാക്കളുടെ പേരിൽ ആത്മഹത്യാ പ്രേരണയ്‌ക്ക് കേസെടുത്ത് അറസ്‌റ്റ് ചെയ്യണമെന്ന് സി.പി.എം. ജില്ലാ കമ്മിറ്റി
കല്പറ്റ : ഡി.സി.സി. ട്രഷററർ എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിനുത്തരവാദികളായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ പേരിൽ ആത്മഹത്യാ പ്രേരണയ്‌ക്ക് കേസെടുത്ത് അറസ്‌റ്റ് ചെയ്യണമെന്ന് സി.പി.എം. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. സ്ഥാനം രാജിവെയ്‌ക്കണം. ഒരുനിമിഷം ജനപ്രതിനിധിയായി തുടരാൻ അദ്ദേഹത്തിന് അർഹതയില്ല. മരണവുമായി ബന്ധപ്പെട്ട് സി.പി.എം. ഉന്നയിച്ച കാര്യങ്ങളെല്ലാം നൂറുശതമാനം ശരിയാണെന്ന് എൻ.എം. വിജയന്റെ മരണക്കുറിപ്പ് പുറത്തുവന്നതിലൂടെ തെളിഞ്ഞു. നേതാക്കൾ തട്ടിയെടുത്ത കോഴയുടെബാധ്യത വിജയന്റെ തലയിൽ കെട്ടിവച്ച ഞെട്ടിപ്പിക്കുന്ന വിവരമാണ് മരണക്കുറിപ്പിലുള്ളത്.

ബത്തേരിയിൽ സി.പി.എം. ഏരിയാകമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനം
ചതിച്ചുകൊല്ലുകയായിരുന്നു. കുറ്റക്കാരുടെ പേരിൽ കർശനനടപടി സ്വീകരിക്കണം. കോൺഗ്രസ് ജില്ലാനേതൃത്വം ക്രിമിനൽ സംഘമായെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.സ്ഥാനം രാജിവെക്കണമെന്ന് സി.പി.ഐ.
കല്പറ്റ : ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യക്കുറിപ്പിൽ മരണത്തിന് കാരണക്കാരനായി പേര് പരാമർശിക്കപ്പെട്ട ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.സ്ഥാനം രാജിവെക്കണമെന്ന് സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
അർബൻ ബാങ്ക് നിയമനത്തിന് ഉദ്യോഗാർഥികളിൽനിന്ന് കോഴ വാങ്ങാൻ തന്നെ ഇടനിലക്കാരനായി എം.എൽ.എ. ഉപയോഗിച്ചു എന്നാണ് എൻ.എം. വിജയൻ ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. ഇതിനെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും എം.എൽ.എ.യുടെപേരിൽ ആത്മഹത്യപ്രേരണയ്ക്ക് കേസെടുക്കണമെന്നും ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി ഇ.ജെ. ബാബു, മഹിത മൂർത്തി, കെ.കെ. തോമസ്, സി.എം. സുധീഷ് എന്നിവർ സംസാരിച്ചു.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.സ്ഥാനം രാജിവെക്കണം -ബി.ജെ.പി.
കല്പറ്റ : വയനാട് ഡി.സി.സി. ട്രഷറ ർ എൻ.എം. വിജയന്റെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നസ്ഥിതിക്ക് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ബി.ജെ.പി. ജില്ലാപ്രസിഡന്റ് പ്രശാന്ത് മലവയൽ ആവശ്യപ്പെട്ടു.

ബത്തേരിയിൽ ബി.ജെ.പി. മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം
എൻ.എം. വിജയന്റെ മരണത്തിന് മുൻ ഡി.സി.സി. പ്രസിഡന്റായിരുന്ന ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യും ഇപ്പോഴത്തെ ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും പങ്കുണ്ടെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്ന ആത്മഹത്യക്കുറിപ്പ്. ജില്ലയിലെ കോൺഗ്രസ് കമ്മിറ്റിയെ നയിക്കുന്ന പ്രധാനപ്പെട്ട രണ്ടുവ്യക്തികളാണ് എൻ.എം. വിജയനെ കരുവാക്കി വൻതട്ടിപ്പ് നടത്തിയിട്ടുണ്ട്.
ഐ.സി. ബാലകൃഷ്ണന്റെ തണലിൽ ഒട്ടേറെ പ്രാദേശികനേതാക്കളും തട്ടിപ്പുനടത്തിയതായുള്ള മൊഴികൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് എം.എൽ.എ. സ്ഥാനത്ത് തുടരാൻ ധാർമികമായ അവകാശമില്ലെന്ന് പ്രശാന്ത് മലവയൽ പറഞ്ഞു. എൻ.ഡി. അപ്പച്ചന്റെയും മറ്റ് ഡി.സി.സി. നേതാക്കളുടെയും പങ്ക് സമഗ്രമായി അന്വേഷിക്കണമെന്നും പ്രശാന്ത് മലവയൽ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
