പ്രതീകാത്മക ചിത്രം | Photo: PTI
ദിസ്പൂര്‍ : ജിപ്‌സി സഫാരിക്കിടെ കാണ്ടാമൃഗങ്ങളുടെ അരികിലേക്ക് വീണ അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അസമിലെ വന്യജീവി സങ്കേതമായ കാസിരംഗ നാഷ്ണല്‍ പാര്‍ക്കിലാണ് സംഭവം. സഫാരിയുടെ ഭാഗമായി ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന യുവതിയും കുഞ്ഞും രണ്ട് കാണ്ടാമൃഗങ്ങളുടെ സമീപത്തേക്കാണ് തെറിച്ചുവീണത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മൂന്ന് ജീപ്പുകളിലായി യാത്രചെയ്യുന്ന സഞ്ചാരികളേയും വഴിയിലൂടെ നടന്നുപോകുന്ന ഒരു കാണ്ടാമൃഗത്തേയും വീഡിയോയില്‍ കാണാം. ചെറിയ വളവ് കഴിഞ്ഞ് മുന്നോട്ട് പോകവെ രണ്ടാമത്തെ വാഹനത്തില്‍നിന്നാണ് യുവതിയും കുട്ടിയും നിലത്തേക്ക് വീണത്. ഇതോടെ യുവതിക്ക് സമീപത്തുനിന്ന് ഒരു കാണ്ടാമൃഗം മൂന്നാമത്തെ ജീപ്പിനടുത്തേക്ക് ഓടിയടുക്കുന്നതും ജീപ്പ് പിന്നോട്ടെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നിലത്തുവീണവരുടെ അടുത്തേക്ക് രണ്ടാമത്തെ കാണ്ടാമൃഗം നടന്നടുക്കുന്നതും വീഡിയോയില്‍ കാണാം.
നിലത്തുവീണ ഇരുവരും ആക്രമിക്കപ്പെടാതെ രക്ഷപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ക്കിലെത്തിയ മറ്റൊരു സഞ്ചാരിയാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്. സംഭവത്തില്‍ കാസിരംഗ നാഷണല്‍ പാര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഫാരി സമയത്ത് വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതര്‍.
