പ്രതീകാത്മക ചിത്രം
മുംബൈ : കിണറ്റിൽനിന്ന് വെള്ളമെടുക്കുന്നതിനേച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹാരാഷ്ട്രയിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ധാരാശിവ് ജില്ലയിലെ ബാവി ഗ്രാമത്തിലാണ് സംഭവം. അപ്പ കാലേ, സുനില്‍ കാലേ, വൈജനാഥ് കാലേ എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഞായറാഴ്ച രാത്രി യേര്‍മല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അക്രമസംഭവം അരങ്ങേറിയത്. അകന്ന ബന്ധുക്കളായ രണ്ടുസംഘം ആളുകള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചത്.
കിണറ്റില്‍ നിന്നുള്ള വെള്ളം കൃഷിക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. വാഗ്വാദത്തിനൊടുവിൽ പരസ്പരം ഏറ്റുമുട്ടി. തുടർന്നാണ് മൂന്നുപേരുടെ മരണമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
