പ്രതീകാത്മക ചിത്രം
ലഖ്‌നൗ : അപകടത്തില്‍പ്പെട്ട 27കാരന്റെ മൃതദേഹം ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും പോലീസ് അധികാരപരിധിയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നാലുമണിക്കൂറിലേറെ റോഡില്‍ കിടന്നു.
വീട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന രാഹുല്‍ അഹിര്‍വാര്‍ എന്ന 27-കാരന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അജ്ഞാത വാഹനം ഇടിച്ചുകയറി കൊല്ലപ്പെട്ടത്. അപകടത്തിന്പിന്നാലെ എത്തിയ നാട്ടുകാർ മധ്യപ്രദേശിലെ ഹര്‍പല്‍പുര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു.
ഹര്‍പല്‍പുര്‍ പോലീസ് സ്ഥലത്തെത്തി. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ മഹോബ്കാന്ത് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ് ഇത് വരുന്നതെന്ന് പറഞ്ഞ ശേഷം പോലീസ് മടങ്ങി. തുടര്‍ന്ന് ഗ്രാമവാസികള്‍ യുപി പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. എന്നാല്‍ ഇത് മധ്യപ്രദേശ് പോലീസിന്റെ ജോലിയാണെന്ന് പറഞ്ഞ് മഹോബ്കാന്ത് പോലീസും കൈയൊഴിഞ്ഞു.
രണ്ടുസംസ്ഥാനങ്ങളിലേയും പോലീസ് കൈയൊഴിഞ്ഞതോടെ നാട്ടുകാര്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. മൃതദേഹം റോഡില്‍തന്നെ കിടന്നു. നാലു മണിക്കൂറിന് ശേഷം മധ്യപ്രദേശ് പോലീസെത്തി മൃതദേഹം കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഇതിന് ശേഷമാണ് നാട്ടുകാര്‍ റോഡിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്.
‘എന്റെ ബന്ധു ഒരു അപകടത്തില്‍ മരിച്ചു, ഈ പ്രദേശം മധ്യപ്രദേശിന്റെ കീഴിലാണ്, പക്ഷേ ആരും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ മൃതദേഹം മണിക്കൂറുകളോളം റോഡില്‍ കിടക്കുകയാണ്. വിവരമറിയിച്ചതനുസരിച്ച് എത്തിയ ഒരു മധ്യപ്രദേശ് പോലീസുകാരന്‍ ഞങ്ങളെ ശകാരിച്ചു, ഇത് ഞങ്ങളുടെ കീഴിലല്ലെന്ന് പറഞ്ഞു’ മരിച്ചയാളുടെ ബന്ധു പ്രതിഷേധത്തിനിടെ പറഞ്ഞു.
മരിച്ച രാഹുലിന്റെ വിവാഹം അടുത്തിടെയാണ് നടന്നത്. ജോലിക്കായി ഡല്‍ഹിയിലേക്ക് പോകുംവഴിയായിരുന്നു മരണം. രാവിലെ ഏഴുമണിയോടെ അപകടം നടന്നിട്ട് ഉച്ചയോടെയാണ് മൃതദേഹം മാറ്റാന്‍ അധികൃതര്‍ തയ്യാറായത്.
