ബസ് അടിച്ചുതകർത്ത കേസിൽ അറസ്റ്റിലായവർ

ആറ്റിങ്ങല്‍ : സി.പി.എം. പ്രവര്‍ത്തകനും ഡി.വൈ.എഫ്.ഐ. മേലാറ്റിങ്ങല്‍ മേഖലാ മുന്‍ പ്രസിഡന്റുമായ മേലാറ്റിങ്ങല്‍ കാര്‍ത്തികയില്‍ ശ്രീജിത്തിന്റെ ടൂറിസ്റ്റ് ബസ് തകര്‍ത്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. വര്‍ക്കല ചെറുന്നിയൂര്‍ അയന്തി ജങ്ഷന് സമീപം പുന്നവിള വീട്ടില്‍ എസ്. സജു (25), ഒറ്റൂര്‍ മൂങ്ങോട് പേരേറ്റില്‍ ചന്ദനക്കാട്ടില്‍ വീട്ടില്‍ എസ്. ജിഷ്ണുജിത്ത് (30), കിഴുവിലം മാമം പറക്കാട്ടുവീട്ടില്‍ എ. അലിന്‍കുമാര്‍ (ഉണ്ണി-35) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 12.45 ഓടെയാണ് ആക്രമണം നടന്നത്. ശ്രീജിത്തിന്റെ വീടിനുസമീപം വാഹനങ്ങളിലെത്തിയവര്‍ വീട്ടിലേക്ക് സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞതിനുശേഷം ബസിന്റെ ചില്ലുകള്‍ ആയുധങ്ങളുപയോഗിച്ച് തകര്‍ക്കുകയായിരുന്നു. 1,25,000 രൂപയുടെ നഷ്ടം ഉണ്ടായതായി ശ്രീജിത്ത് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ആര്‍.എസ്.എസ്. ചിറയിന്‍കീഴ് താലൂക്ക് കാര്യവാഹ് കാട്ടുംപുറം കടുവയില്‍ എസ്.പി. ഭവനില്‍ ആനന്ദ് രാജിനെ (40) ഒരു സംഘം വീടുകയറി മര്‍ദിക്കുകയും വീടും കടയും തല്ലിത്തകര്‍ക്കുകയും ചെയ്തു. ഈ സംഭവത്തില്‍ നഗരസഭാ കൗണ്‍സിലറുള്‍പ്പെടെ രണ്ട് സി.പി.എം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ശ്രീജിത്തിന്റെ വീടും വാഹനവും ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ശ്രീജിത്തിന്റെ വാഹനം തകര്‍ത്തതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ബി.ജെ.പി. ആറ്റിങ്ങല്‍ മണ്ഡലം വൈസ് പ്രസിഡന്റ് അജിത് പ്രസാദിന്റെ വീടിനുനേരേ കല്ലേറുണ്ടാവുകയും വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എറിഞ്ഞ് തകര്‍ക്കുകയുംചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ വിവരങ്ങളും ശേഖരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാര്‍, എസ്.ഐ. ജിഷ്ണു, എ.എസ്.ഐ.മാരായ രാധാകൃഷ്ണന്‍, ഉണ്ണിരാജ്, എസ്.സി.പി.ഒ.മാരായ ശരത്കുമാര്‍, നിധിന്‍, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.