കത്തിയമർന്ന ഇലക്ട്രിക് സ്‌കൂട്ടർ | Photo: Screengrab/ PTI

റത്‌ലം : വീടിന് വെളിയില്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിയമര്‍ന്ന് 11-കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ റത്‌ലമിൽ ഞായറാഴ്ചയോടെയാണ് സംഭവം. ആൻട്ര ചൗധരി എന്ന 11-കാരിയാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ ഭഗ്‌വത് മൗര്യ, ബന്ധുവായ ലാവണ്യ (12) എന്നിവർക്ക് പരിക്കേറ്റു.

ഇന്‍ഡ്‌സ്ട്രിയല്‍ ഏരിയ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കോളനിയില്‍ പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. ഭഗ്‌വത് മൗര്യ എന്നയാളുടെ വീടിന് വെളിയില്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീ പിടിച്ചത്. തീ സമീപത്തുണ്ടയായിരുന്ന മറ്റൊരു വാഹനത്തിലേക്ക് കൂടി പടര്‍ന്നുപിടിക്കുകയായിരുന്നു. ഉറങ്ങുന്നതിന് മുന്‍പായി ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനിട്ടതായിരുന്നു വീട്ടുകാര്‍. പുലര്‍ച്ചെ വീടാകെ പുക മൂടിയപ്പോഴാണ് ഇവർ സംഭവമറിയുന്നത്.

തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ ഫോഴ്‌സ് എത്തിയ ശേഷം ഭഗ്‌വത് മൗര്യ, ലാവണ്യ എന്നിവര്‍ക്ക് വീട്ടില്‍ നിന്ന് രക്ഷപ്പെടാനായെങ്കിലും ആൻട്ര ചൗധരിക്ക് രക്ഷപ്പെടാനായില്ല. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. പരിക്കേറ്റ ഭഗ്‌വത് മൗര്യ, ലാവണ്യ എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്.

ഭഗ്‌വത് മൗര്യയുടെ പേരക്കുട്ടിയായ ആൻട്ര ചൗധരി അമ്മയ്‌ക്കൊപ്പം റത്‌ലമിലുള്ള മുത്തച്ഛന്റെ വീട്ടിലേക്കെത്തിയതായിരുന്നു. ഞായറാഴ്ച രാവിലെ ഗുജറാത്തിലെ വഡോദരയിലുള്ള തന്റെ വീട്ടിലേക്ക് മടങ്ങിപോകാനിരിക്കുമ്പോഴാണ് ദാരുണമായ അപകടമുണ്ടായത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.