തമിഴ്നാട് വർണർ ആർ.എൻ.രവി

ചെന്നൈ : നയപ്രഖ്യാപന പ്രസം​ഗം നടത്താതെ കുപിതനായി നിയമസഭ വിട്ടിറങ്ങി തമിഴ്നാട് ​ഗവർണർ ആർ.എൻ.രവി. നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ ദേശീയ ​ഗാനത്തിനുപകരം തമിഴ് നാടിന്റെ സംസ്ഥാന​ഗീതമായ തമിഴ് തായ് വാഴ്ത്ത് പാടിയതാണ് ​ഗവർണറെ ചൊടിപ്പിച്ചത്. ​ഗവർണർ പോയതിനുശേഷം സ്പീക്കർ എം. അപ്പാവ് ആണ് നയപ്രഖ്യാപനം നടത്തിയത്.

സാധാരണ​ഗതിയിൽ തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ തമിഴ് തായ് വാഴ്ത്തും അവസാനിക്കുമ്പോൾ ദേശീയ​ഗാനവും ആലപിക്കുന്നതാണ് പതിവ്. എന്നാൽ ഇങ്ങനെ പാടില്ലെന്നും സമ്മേളനം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ദേശീയ​ഗാനംതന്നെ ആലപിക്കണമെന്നാണ് ​ഗവർണർ ആർ.എൻ.രവി വ്യക്തമാക്കിയത്. ഇന്ത്യൻ ഭരണഘടനയും ദേശീയ​ഗാനവും ഒരിക്കൽക്കൂടി തമിഴ്നാട് നിയമസഭയിൽ അവഹേളിക്കപ്പെട്ടുവെന്നാണ് രാജ്ഭവൻ പിന്നീട് പ്രതികരിച്ചത്. ദേശീയ​ഗാനത്തെ ബഹുമാനിക്കുക എന്നതാണ് മൗലിക കടമകളിൽ ഏറ്റവും പ്രധാനമെന്നും രാജ്ഭവൻ പ്രസ്താവനയിൽ പറഞ്ഞു.

“ഇന്ന് ഗവർണർ സഭയിൽ എത്തിയപ്പോൾ തമിഴ് തായ് വാഴ്ത്ത് മാത്രമേ ആലപിച്ചിട്ടുള്ളൂ. ഗവർണർ സഭയുടെ ഭരണഘടനാപരമായ കടമയെക്കുറിച്ച് ആദരവോടെ ഓർമ്മിപ്പിക്കുകയും സഭാനേതാവായ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും ബഹുമാനപ്പെട്ട സ്പീക്കറോടും ദേശീയ​ഗാനം ആലപിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ അവർ അത് നിഷേധിക്കുകയാണുണ്ടായത്. ഗൗരവതരമായ കാര്യമാണിത്.”രാജ്ഭവൻ കൂട്ടിച്ചേർത്തു.

നിയമസഭയിൽ ദേശീയ​ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ​ഗവർണർ ആർ.എൻ.രവിയും തമിഴ്നാട് സർക്കാരും നേർക്കുനേർ വരുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഫെബ്രുവരിയിലും നയപ്രഖ്യാപന പ്രസം​ഗം നടത്താൻ ​ഗവർണർ തയ്യാറായിരുന്നില്ല. നയപ്രഖ്യാപനത്തിന്റെ കരടിൽ സത്യത്തിൽനിന്ന് വളരെ അകലമുള്ളതും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുള്ള നിരവധി ഭാ​ഗങ്ങളുണ്ടെന്നും ​ഗവർണർ പറഞ്ഞിരുന്നു.

2022-ൽ, പ്രസം​ഗത്തിലെ ‘ദ്രാവിഡ മോഡൽ’ എന്ന പദപ്രയോഗത്തിന് പുറമെ ബി.ആർ.അംബേദ്കർ, പെരിയാർ, സി.എൻ. അണ്ണാദുരൈ എന്നിവരുടെ പേരുകളുള്ള ഭാഗങ്ങളും തമിഴ്‌നാട്ടിലെ ക്രമസമാധാനത്തെക്കുറിച്ചുള്ള ചില പരാമർശങ്ങളും വായിക്കാൻ ആർ.എൻ.രവി വിസമ്മതിച്ചിരുന്നു. ഗവർണറുടെ പ്രസംഗം രേഖപ്പെടുത്താതെ ഔദ്യോഗിക പ്രസംഗം മാത്രം രേഖപ്പെടുത്തണമെന്ന പ്രമേയം സഭ അംഗീകരിച്ചതോടെ ദേശീയ ഗാനത്തിന് കാത്തുനിൽക്കാതെ അദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു.