Photo: x.com/AdityaRajKaul

റായ്പുര്‍ : ഛത്തീസ്ഗഢിലെ ബിജാപുരില്‍ മാവോവാദി ആക്രമണത്തില്‍ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരേയാണ് മാവോവാദികളുടെ ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം മാവോവാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഐ.ഇ.ഡി. സ്‌ഫോടനമാണ് നടന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ബിജാപുരിലെ ബെദ്രേ-കുത്രു റോഡിലായിരുന്നു സംഭവം. ഛത്തീസ്ഗഢ് പോലീസിന്റെ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ (ഡി.ആര്‍.ജി) ഇരുപതോളം അംഗങ്ങളാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. മാവോവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘത്തിന് നേരേ ആക്രമണമുണ്ടായതെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച വൈകിട്ട് ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികളെ വധിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരേ മാവോവാദികളുടെ ആക്രമണമുണ്ടായത്.