മുകേഷ് ചന്ദ്രാകർ / പുതുതായി അടച്ച സെപ്റ്റിക് ടാങ്ക് | Photo: X
റായ്പുര്‍ : ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവിന്റെ തലയില്‍ 15 മുറിവുകള്‍ അടക്കം മറ്റെല്ലാ ശരീരഭാഗങ്ങളിലും ക്രൂരമായ വിധത്തിൽ പരിക്കേൽപ്പിക്കപ്പെട്ടിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വതന്ത്രമാധ്യമപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രാകറാണ് ജനുവരി ഒന്നിന് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് മുകേഷിന്റെ ബന്ധു റിതേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
കേസിലെ പ്രധാന പ്രതിയായ കോണ്‍ട്രാക്ടര്‍ സുരേഷ് ചന്ദ്രാകറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുകേഷിനെ കാണാതായത്. റിതേഷാണ് ഇവരുടെ കൂടിക്കാഴ്ച ഒരുക്കിയത്. യുവാവിന്റെ സഹോദരന്‍ യുകേഷിന്റെ പരാതിയില്‍ കേസെടുത്ത പോലീസ്, അന്വേഷണത്തിനൊടുവില്‍ രണ്ടുദിവസത്തിനുശേഷം സുരേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്ടിക് ടാങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സുരേഷ് ഇപ്പോഴും ഒളിവിലാണ്.
ബസ്തര്‍ മേഖലയിലെ ഗംഗലൂര്‍ മുതല്‍ ഹിരോളി വരെയുള്ള 120 കോടിയുടെ റോഡ് നിര്‍മാണ പദ്ധതിയിലെ അഴിമതിയാണ് മുകേഷ് പുറത്തുകൊണ്ടുവന്നത്. സുരേഷായിരുന്നു ഈ പദ്ധതിയുടെ പ്രധാന കരാറുകാരന്‍. അഴിമതി സംബന്ധിച്ച് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വാര്‍ത്ത വലിയ ചര്‍ച്ചയാവുകയും ബസ്തര്‍ മേഖലയിലെ കോണ്‍ട്രാക്ടര്‍ ലോബിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മുകേഷ് കൊല്ലപ്പെട്ടത്.
മുകേഷിന്റെ മൃതശരീരത്തിലെ മുറിവുകള്‍ അസാധാരണമായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നത്. തലയില്‍ മാത്രം ആഴത്തിലുള്ള 15 മുറിവുകള്‍ ഉണ്ടായിരുന്നു. കരള്‍ നാലുകഷണമാക്കപ്പെട്ട നിലയിലായിരുന്നു. ഹൃദയം പറിച്ചെടുക്കപ്പെട്ട നിലയിലായിരുന്നു. കഴുത്ത് ഒടിഞ്ഞുതൂങ്ങിയിരുന്നു. ഇതുകൂടാതെ അഞ്ച് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
