അറസ്റ്റിലായ പ്രതികൾ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം | Photo Courtesy: x.com/TheSouthfirst
ഹൈദരാബാദ് : കോളേജ് ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറയിലൂടെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കോളേജ് ഹോസ്റ്റലിലെ പാചകക്കാരന്റെ സഹായിയായി ജോലിചെയ്യുന്നയാള്‍ ഉള്‍പ്പെടെ ഇരുപതുവയസ്സ് പ്രായമുള്ള രണ്ടുപ്രതികളെയാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. കോളേജ് പ്രിന്‍സിപ്പലും ഡയറക്ടറും ചെയര്‍മാനും ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഹൈദരാബാദിന് സമീപത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് പുതുവത്സരദിനത്തില്‍ കോളേജിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്നാണ് പോക്‌സോ വകുപ്പുകളടക്കം ചുമത്തി പോലീസ് കേസെടുത്തത്.
ഹോസ്റ്റലിലെ പാചകത്തൊഴിലാളികളാണ് കുളിമുറി ദൃശ്യം പകര്‍ത്തിയതെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ പരാതി. ഹോസ്റ്റല്‍ വളപ്പില്‍ പെണ്‍കുട്ടികളുടെ കുളിമുറികളോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് അറസ്റ്റിലായ പാചകത്തൊഴിലാളികളും താമസിച്ചിരുന്നത്. ഇത് മുതലെടുത്ത പ്രതികള്‍ രഹസ്യമായി കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടികള്‍ നേരത്തെ ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, കോളേജ് അധികൃതര്‍ ഇക്കാര്യം പോലീസിനെയോ രക്ഷിതാക്കളെയോ അറിയിക്കാന്‍ ശ്രമിച്ചില്ല. വിവരം പുറത്തറിയാതിരിക്കാന്‍ കോളേജ് പ്രിന്‍സിപ്പലും ഡയറക്ടറും ചെയര്‍മാനും വാര്‍ഡന്മാരില്‍ സമ്മര്‍ദംചെലുത്തിയെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നാണ് ഇവര്‍ക്കെതിരേയും കേസെടുത്തത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
