കണ്ണൂർ കാക്കയങ്ങാട് കെണിയിൽ കുടുങ്ങിയ പുലി

കണ്ണൂര്‍ : ഇരിട്ടി കാക്കയങ്ങാട് പന്നിക്കുവെച്ച കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവെച്ചു. വയനാട്ടില്‍ നിന്നും ഡോ. അജേഷിന്റെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘമാണ് മയക്കുവെടി വെച്ചത്. പുലി കെണിയില്‍ കുടുങ്ങിയ കണ്ണൂരിലെ മുഴക്കുന്ന് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ നാളെ വൈകിട്ട് അഞ്ചുമണി വരെയാണ് നിരോധനാജ്ഞ. മയക്കുവെടി വെക്കാന്‍ ആവശ്യമായ നിയമനടപടികളെല്ലാം വളരെ പെട്ടെന്ന് പൂര്‍ത്തിയാതിനാല്‍ അധികം താമസം ഉണ്ടായില്ല.

ഇന്ന് രാവിലെയാണ് ഇരിട്ടി സ്വദേശി പ്രകാശന്റെ വീട്ടുപറമ്പിലെ പന്നിക്കെണിയില്‍ പുലി കുടുങ്ങിയതായുള്ള വിവരം പുറത്തുവന്നത്. പറമ്പിലെ കേബിള്‍ കെണിയില്‍ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്. വൈകാതെ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് സമീപമുള്ള വീടുകളില്‍നിന്ന് താമസക്കാരെ ഒഴിപ്പിക്കുകയും പരിസരത്തുള്ള സ്‌കൂളുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

സണ്ണി ജോസഫ് എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെ നിന്നും ആറുകിലോമീറ്റര്‍ മാറിയാണ് ആറളം വന്യജീവി സങ്കേതമുള്ളത്. അവിടെനിന്നാണോ പുലി ഇവിടേക്ക് എത്തിപ്പെട്ടത് എന്ന് സംശയമുണ്ട്. ആദ്യമായാണ് പ്രദേശത്ത് വന്യജീവി വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കെണിയില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യം ആയതുകൊണ്ടുതന്നെ പുലിയെ മയക്കുവെടി വെക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല എന്നാണ് വിവരം.