പെൺകുട്ടിയുടെ സിസിടിവി ദൃശ്യം

പട്ടാമ്പി : വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 വയസുകാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി. കുട്ടി നിലവില്‍ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്. വല്ലപ്പുഴ ചൂരക്കോട് സ്വദേശിനിയെയാണ് കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണവും തുടങ്ങിയിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ കൂടെ തീവണ്ടിയില്‍ യാത്ര ചെയ്തുവെന്ന് കതുതുന്ന യുവാവിന്റെ രേഖാചിത്രം പട്ടാമ്പി പോലീസ് പുറത്തുവിട്ടിരുന്നു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരശുറാം എക്‌സ്പ്രസില്‍ കുട്ടി യാത്ര ചെയ്തതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

കാണാനില്ലെന്ന് കാണിച്ച് സമൂഹ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നിലമ്പൂരില്‍ നിന്നും ഗോവയിലേക്ക് പോയ യാത്രാ സംഘം പെണ്‍കുട്ടിയെ തിരിച്ചറിയുകയായിരുന്നു. ട്രെയ്‌നിലെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ കൂടെ യാത്ര ചെയ്തിരുന്ന ദമ്പതികളാണ് നിര്‍ണായക വിവരം പോലീസിന് കൈമാറിയത്. ഇതുപ്രകാരമാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്. ഇയാള്‍ ആരാണ് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഡിസംബര്‍ 30-നാണ് 15 വയസുകാരിയെ കാണാതായത്. വീട്ടില്‍നിന്ന് ട്യൂഷന്‍ സെന്ററിലേക്ക് പോയതായിരുന്നു. ഒമ്പത് മണിക്ക് ക്ലാസ് കഴിഞ്ഞതിനുശേഷം ബന്ധുവീട്ടില്‍നിന്ന് പുസ്തകങ്ങള്‍ എടുത്തുവരാമെന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നു. കുട്ടി സ്‌കൂളില്‍ എത്താതിരുന്നതോടെ സ്‌കൂള്‍ അധികൃതര്‍ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.