തൊമിക്കോ ഇതൂക്ക. Image Credit: guinnessworldrecords

ടോക്കിയോ ∙ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയെന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച ജാപ്പനീസ് വനിത തൊമിക്കോ ഇതൂക്ക (116) അന്തരിച്ചു. കഴിഞ്ഞ മാസം 29ന് ആണ് മരിച്ചതെങ്കിലും വിവരം പുറത്തുവരുന്നത് ഇപ്പോഴാണ്.

1908 മേയ് 23ന് ഓസകയിൽ ജനിച്ച തൊമിക്കോ ഇതൂക്ക, കഴിഞ്ഞവർഷം 117––ാം വയസ്സിൽ സ്പെയിനിലെ മരിയ ബ്രന്യാസ് അന്തരിച്ചതോടെയാണ് ലോക മുത്തശ്ശിയായത്. സ്കൂൾ വിദ്യാഭ്യാസകാലത്ത് വോളിബോൾ കളിച്ചിരുന്ന തൊമിക്കോ പിൽക്കാലത്ത് 3,067 മീറ്റർ ഉയരമുള്ള ഒൻതാകെ കൊടുമുടി 2 തവണ കീഴടക്കി.

Image Credit: guinnessworldrecords

100–ാം വയസ്സിൽ ആഷിയ തീർഥാടനകേന്ദ്രത്തിലെ കൽപടവുകൾ വടിയുടെ പോലും സഹായമില്ലാതെ കയറി. 20–ാം വയസ്സിൽ വിവാഹിതയായ ടോമിക്കോയുടെ ഭർത്താവും 2 മക്കളും മരിച്ചു. ശേഷിക്കുന്ന 2 മക്കളോടൊപ്പമായിരുന്നു താമസം. തൊമിക്കോ മരിച്ചതോടെ ലോകത്തെ ഏറ്റവും പ്രായമേറിയ വനിത എന്ന ബഹുമതി ഇനി ബ്രസീലിലുള്ള ഇനാ കനാബറോ ലുക്കാ എന്ന കന്യാസ്ത്രീക്കാണ്.