കെ. മുരളീധരന്‍, രമേശ് ചെന്നിത്തല

കോഴിക്കോട് : രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുമായി കെ. മുരളീധരന്‍. ആരെങ്കിലും പുകഴ്ത്തിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും അടക്കമുള്ളവര്‍ ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ ഒളിയമ്പ്. കോണ്‍ഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയുടെ അഭിപ്രായം അറിയണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്ളപ്പോള്‍ ഈ വിഷയം ഇവിടെ ചര്‍ച്ചചെയ്യേണ്ട ഒരാവശ്യവുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്. ആരും ഇകഴ്ത്താറില്ല. ഇത് ഇവിടെ വെറുതെ ചര്‍ച്ചചെയ്യേണ്ട ഒരാവശ്യവുമില്ല. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസുകാരെ സ്വീകരിക്കുന്നത് നല്ലകാര്യമല്ലേ. ഗ്രൂപ്പിന്റെയൊക്കെ കാലഘട്ടം അസ്തമിച്ചു. അതിനൊന്നും ഇനി പ്രസക്തിയില്ല. അതിനൊന്നും പ്രവര്‍ത്തകരെയും കിട്ടില്ല. ഇതൊക്കെ നേതാക്കന്മാര്‍ക്ക് ഓരോ സ്ഥാനം കിട്ടാനുള്ള സംവിധാനമാണ് ഗ്രൂപ്പിസമെന്ന് എല്ലാവര്‍ക്കും മനസിലായി – കെ. മുരളീധരന്‍ പറഞ്ഞു.