ജാമിയ്യ നൂരിയ സമ്മേളനവേദിയിൽ സാദ്ദിഖലി ശിഹാബ് തങ്ങളും രമേശ് ചെന്നിത്തലയും | ഫോട്ടോ: FACEBOOK

മലപ്പുറം : രമേശ് ചെന്നിത്തലയെ പ്രശംസിച്ച് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. യോജിക്കാവുന്നിടങ്ങളില്‍ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാരശിലകളെ സംരക്ഷിക്കാന്‍ ഒന്നിച്ച് പോരാടാമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 62-ാം വാർഷിക സനദ് ദാന സമ്മേളനത്തിനു മുന്നോടിയായി നടന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തത് രമേശ് ചെന്നിത്തലയായിരുന്നു.

രമേശ് ചെന്നിത്തല നടത്തിയ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാം അടങ്ങിയതായിരുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ എഴുതി. വിവിധ മത കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിച്ചതിന്റെയും അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിര്‍ക്കണമെന്നും എല്ലാകാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്. ആ വാക്കുകള്‍ ഏറ്റെടുത്ത് യോജിക്കാവുന്നിടങ്ങളില്‍ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാന്‍ ഒന്നിച്ച് പോരാടാമെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

എൻ.എസ്.എസുമായി ഏറെക്കാലം നീണ്ടുനിന്ന പിണക്കം അവസാനിപ്പിച്ച് മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല ജാമിഅ നൂരിയ്യ സമ്മേളനത്തിൽ പങ്കെടുത്തത്. വി.ഡി.സതീശനേയും രമേസ് ചെന്നിത്തലയേയും മുഖ്യമന്ത്രി സ്ഥാനാർയാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രശംസ എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

2024 നൽകിയ ഏറ്റവും വലിയ പ്രതീക്ഷ ഫാസിസത്തെ ചെറുക്കാൻ കഴിയുമെന്നു തെളിയിച്ചതാണെന്നായിരുന്നു സമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞത്. ബാബറി മസ്ജിദിൽ തുടങ്ങി മഥുരയും ഗ്യാൻവാപിയും കടന്ന് ഫാസിസത്തിന്റെ കൈകൾ അജ്മേറിലെത്തുമ്പോൾ അവരുടെ ലക്ഷ്യം ‘ഇന്ത്യ’ എന്ന മഹത്തായ ആശയത്തെ തകർത്ത് രാഷ്ട്രീയലാഭം കൊയ്യുക മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

ഹിന്ദുമതത്തിന്റെ യഥാർഥ സത്ത ഉൾക്കൊണ്ടവർ ഇത്തരം പ്രവണതകളെ എതിർക്കുന്നവരാണ്. രാജ്യത്തിന്റെ മതേതരത്വത്തെ തകർത്ത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ നടക്കുന്നവർ രാജ്യതാത്പര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നവരാണ്. ഭരണപരാജയം ജനങ്ങളിലെത്താതിരിക്കാൻ വർഗീയതയെ ഉപയോഗിക്കുന്നവരെ തിരിച്ചറിയണം. രാജ്യം എല്ലാസമയത്തും ഫാസിസ്റ്റ് ശക്തികൾക്ക് ഭരിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.