നമോ ഭാരത് കോരിഡോർ | ഫോട്ടോ: PTI
ന്യൂഡൽഹി : നമോ ഭാരത് കോറിഡോറിന്റെ ഡല്‍ഹിയിലെ ഭാഗം ട്രെയിന്‍ ഗതാഗതത്തിനായി തുറന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്മാർട്ട് ടിക്കറ്റെടുത്ത് നമോ ഭാരത് ട്രെയിനിൽ യാത്രചെയ്ത പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിച്ചു.
അശോക് നഗറിനും സാഹിബാബാദിനുമിടയിലുള്ള 13 കിലോമീറ്റർ ദൂരമാണ് നമോ ഭാരത് കോറിഡോറിന്റെ ഡൽഹി സെക്ഷനുള്ളത്. ഇതിൽ പ്രധാനപ്പെട്ട സ്റ്റേഷനായ ആനന്ദ് വിഹാർ ഉൾപ്പെടെ ആറു കിലോമീറ്റർ ഭൂഗർഭ പാതയാണ്. ഇതാദ്യമായാണ് നമോ ഭാരത് ട്രെയിനുകൾ ഭൂഗർഭപാതയിലൂടെ സർവീസ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥികളുമായും പ്രധാനമന്ത്രി സംസാരിച്ചു.
സാഹിബാബാദിനും ദുഹായ്ക്കും ഇടയിലുള്ള 17 കിലോമീറ്റർ വരുന്ന സെക്ഷൻ കഴിഞ്ഞവർഷം ഒക്ടോബറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണി മുതൽ യാത്രക്കാർക്ക് ട്രെയിനിൽ പ്രവേശിക്കാം. 15 മിനിറ്റ് ഇടവേളയിലായിരിക്കും സർവീസുകൾ. ന്യൂ അശോക് നഗറിൽനിന്ന് മീററ്റ് സൗത്തിലേക്കുള്ള സ്റ്റാൻഡേർഡ് കോച്ച് നിരക്ക് 150 രൂപയും പ്രീമിയം കോച്ച് നിരക്ക് 225 രൂപയുമാണ്.
നിലവിൽ, സാഹിബാബാദിനും മീററ്റിനും ഇടയിലുള്ള ഇടനാഴിയുടെ 42 കിലോമീറ്റർ ദൂരത്തിനിടെ ഒമ്പത് സ്‌റ്റേഷനുണ്ട്. ഈ ഉദ്ഘാടനത്തോടെ, നമോ ഭാരത് ഇടനാഴിയുടെ ദൈർഘ്യം 55 കിലോമീറ്ററായി. സ്റ്റേഷനുകൾ 11 എണ്ണമായും മാറി. പുതിയ സെക്ഷൻ പ്രവർത്തനം ആരംഭിച്ചതോടെ മീററ്റും ഡൽഹിയുമായുള്ള യാത്രാ സമയം മൂന്നിലൊന്നായി കുറയും. 40 മിനിറ്റുകൊണ്ട് ന്യൂ അശോക് നഗറിൽ നിന്ന് മീററ്റ് സൗത്തിലേക്ക് എത്താനാവും.
നമോ ഭാരത് ഇടനാഴിയിലെ ഏറ്റവും വലിയ സ്റ്റേഷനുകളിൽ ഒന്നാണ് ആനന്ദ് വിഹാർ ഭൂഗർഭ സ്റ്റേഷൻ. ഇവിടെ നിന്ന് മീററ്റിലേക്ക് 35 മിനിറ്റിനുള്ളിൽ യാത്രക്കാർക്ക് എത്തിച്ചേരാം. ഈ സ്റ്റേഷനിൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണമെന്ന നിലയിൽ, ഗാസിപൂർ ഡ്രെയിനിന് മുകളിൽ മൂന്ന് പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഈ പാലങ്ങളിൽ രണ്ടെണ്ണം വാഹനങ്ങളുടെ പ്രവേശനത്തിനും പുറത്തുകടക്കുന്നതിനുമായി ഉപയോഗിക്കണം, ഒരെണ്ണം കാൽനടയാത്രക്കാർക്ക് മാത്രമുള്ളതാണെന്നും അധികൃതർ പറഞ്ഞു.
ഡൽഹി സെക്ഷനിൽ പ്രവർത്തനക്ഷമമാകുന്ന ആദ്യത്തെ എലവേറ്റഡ് നമോ ഭാരത് സ്റ്റേഷനാണ് ന്യൂ അശോക് നഗർ. ഇവിടെ, ഇടനാഴി 20 മീറ്റർ ഉയരത്തിൽ ന്യൂ അശോക് നഗർ മെട്രോ സ്റ്റേഷൻ കടന്നുപോകുന്നു. ട്രെയിൻ സർവീസുകൾക്കൊപ്പം യാത്രക്കാരുടെ സൗകര്യാർത്ഥം ഒരു വാണിജ്യ കേന്ദ്രവും സ്റ്റേഷനിൽ തയ്യാറാക്കിയിട്ടുണ്ട്. 90 മീറ്റർ നീളമുള്ള ഫൂട്ട് ഓവർ ബ്രിഡ്ജിലൂടെ ഈ സ്റ്റേഷനെ ഡൽഹി മെട്രോയുടെ ബ്ലൂ ലൈനുമായി ബന്ധിപ്പിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഇതുവരെ 50 ലക്ഷത്തിലധികം യാത്രക്കാർക്കാണ് നമോ ഭാരത് ട്രെയിനുകൾ സേവനം നൽകിയത്.
