പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അസ്ലമിനാണ് കുത്തേറ്റത്. ശ്വാസകോശം തുളച്ചുള്ള കുത്തേറ്റ അസ്ലം ഗുരുതരാവസ്ഥയിലാണ്. നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അക്രമിച്ചത്. പൂവച്ചല്‍ ബാങ്ക് നട ജംഗ്ഷനില്‍വെച്ച് ഉച്ചയ്ക്കാണ് സംഭവം. സ്‌കൂളിന് ഇന്ന്(ശനി) അവധിയായിരുന്നു.

ഒരുമാസം മുമ്പ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് പ്രിന്‍സിപ്പലിനും പി.ടി.എ. പ്രസിഡന്റിനും പരിക്കേറ്റിരുന്നു. അന്നത്തെ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഈ സംഭവം എന്നാണ് പോലീസ് പറയുന്നത്.

അന്ന് സംഘര്‍ഷം തടയാനെത്തിയ പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാര്‍ഥികള്‍ കസേര ചുറ്റിയാണ് അടിച്ചത്. തലയ്ക്ക് പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 18 വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. 20 വിദ്യാര്‍ഥികള്‍ക്കെതിരെ കാട്ടാക്കട പോലീസ് കേസുമെടുത്തിരുന്നു.