കൊട്ടാരക്കര താലൂക്ക്തല അദാലത്ത് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
കൊട്ടാരക്കര ∙ സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും പദ്ധതി പ്രകാരം നടത്തിയ കൊട്ടാരക്കര താലൂക്കുതല അദാലത്തിൽ 398 അപേക്ഷകൾ തീർപ്പാക്കി. നേരത്തേ ലഭിച്ച 604 അപേക്ഷകളിലാണ് നടപടി. ഇന്നലെ ലഭിച്ച 422 അപേക്ഷകൾ തുടർ നടപടിക്കായി കൈമാറി.1026 അപേക്ഷകളാണ് മൊത്തം ലഭിച്ചത്. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, കലക്ടർ എൻ.ദേവീദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. മുൻഗണന വിഭാഗത്തിൽ 17 പേർക്ക് റേഷൻ കാർഡുകൾ വിതരണം അദാലത്തിൽ ചെയ്തു. 86 അപേക്ഷകൾ അദാലത്തിൽ പരിഗണിക്കാൻ കഴിയാത്ത വിഷയങ്ങളുടേതായിരുന്നു. രാവിലെ 10ന് ആരംഭിച്ച അദാലത്ത് വൈകിട്ട് 5വരെ തുടർന്നു.
ജന ജീവിതം മെച്ചപ്പെടുത്താനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും അതിന്റെ ഭാഗമാണ് അദാലത്തുകളെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ .‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്ത് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സർക്കാരിന്റെ മികച്ച ഇടപെടൽ പരാതികളുടെ എണ്ണം കുറച്ചു.

കൊട്ടാരക്കര താലൂക്ക്തല അദാലത്തിൽ അപേക്ഷകൾ പരിഗണിക്കുന്ന മന്ത്രി കെ.എൻ.ബാലഗോപാൽ
1958 മുതൽ ഭൂമി പതിവുമായി ബന്ധപ്പെട്ട് ദീർഘകാലമായി ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ അദാലത്തിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കലക്ടർ എൻ. ദേവീദാസ്, നഗരസഭാധ്യക്ഷൻ എസ്.ആർ. രമേശ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, ഡപ്യൂട്ടി കലക്ടർമാരായ ജി.നിർമൽകുമാർ, ആർ.ബീനാറാണി, തഹസിൽദാർ ജി.മോഹനകുമാരൻനായർ, ഭൂരേഖ തഹസിൽദാർ ആർ.വിജയകുമാർ എന്നിവർ സംബന്ധിച്ചു.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി താലൂക്ക് അദാലത്ത്
കൊട്ടാരക്കര ∙ അതിർത്തി തർക്കം മുതൽ അതി ദാരിദ്യ റേഷൻ കാർഡ് ആവശ്യം വരെ. ഇന്നലെ നടന്ന താലൂക്ക് അദാലത്ത് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഭിന്നശേഷിക്കാരന്റെ പരാതി കേൾക്കാൻ മന്ത്രി കെ.എൻ.ബാലഗോപാൽ പടികളിറങ്ങി സദസ്സിലും എത്തി. നൂറ് കണക്കിനാളുകളാണ് പരാതികളുമായി എത്തിയത്.

കൊട്ടാരക്കര താലൂക്ക് അദാലത്തിൽ പങ്കെടുക്കാനെത്തിയവർ
- പതിനഞ്ചാം വയസ്സിൽ വലതുകാൽ നഷ്ടപ്പെട്ട വെളിയം സ്വദേശി രഞ്ജിത്ത് മുച്ചക്ര വാഹനത്തിനുള്ള അപേക്ഷയുമായാണ് കൊട്ടാരക്കര അദാലത്തിന് എത്തിയത്. തൊഴിൽരഹിതനും ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്ന ഭിന്നശേഷിക്കാരനായ രഞ്ജിത്തിന് കാൽ നഷ്ടപ്പെട്ടപ്പോൾ മുതൽ പത്താം ക്ലാസ് വിദ്യാഭ്യാസവും നിർത്തേണ്ടിവന്നു. മന്ത്രി കെ. എൻ. ബാലഗോപാൽ സദസ്സിലെത്തിയാണ് രഞ്ജിത്തിന്റെ പരാതി സ്വീകരിച്ചത്. അപേക്ഷ പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കാൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.
- സ്വകാര്യ വ്യക്തി റോഡ് അടച്ചെന്ന പരാതിയുമായി ഇളമാട് കണ്ണംകോട് ഖാദി ജംക്‌ഷൻ നിവാസികൾ. 130 പേർ ഒപ്പിട്ട പരാതിയുമായാണ് എത്തിയത്. സ്ഥലം അളന്ന് പ്രശ്നത്തിന് പരിഹാരം കാണാൻ ഭൂരേഖ തഹസിൽദാരെ മന്ത്രി ജെ. ചിഞ്ചുറാണി ചുമതലപ്പെടുത്തി.
- അതിദാരിദ്ര്യ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായാണ് ചിതറ വേങ്കോട് വാർഡിലെ 75 വയസ്സുകാരി പൊന്നമ്മ എത്തിയത്.നടപടി സ്വീകരിക്കാൻ മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
- കോഴിമാലിന്യ സംസ്‌കരണ പ്ലാന്റ് ഉണ്ടാക്കുന്ന ദുരിതാവസ്ഥക്ക് പരിഹാരം തേടി മുളയറച്ചാൽ നിവാസികൾക്കും ആശ്വാസം. വിഷയം പരിശോധിച്ച് എൻഫോഴ്സ്മെന്റ് നടപടികൾ ഉൾപ്പെടെ നടപടി സ്വീകരിക്കാൻ മന്ത്രി കെ. എൻ.ബാലഗോപാൽ നിർദേശം നൽകി.
- കോഴിമാലിന്യ സംസ്‌കരണ പ്ലാന്റ് ഉണ്ടാക്കുന്ന ദുരിതാവസ്ഥക്ക് പരിഹാരം തേടി മുളയറച്ചാൽ നിവാസികൾക്കും ആശ്വാസം. വിഷയം പരിശോധിച്ച് എൻഫോഴ്സ്മെന്റ് നടപടികൾ ഉൾപ്പെടെ നടപടി സ്വീകരിക്കാൻ മന്ത്രി കെ. എൻ.ബാലഗോപാൽ നിർദേശം നൽകി.
