കോൺസ്റ്റാസിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ | Photo:ANI

സിഡ്‌നി : സിഡ്‌നി ടെസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ സ്ലെഡ്ജ് ചെയ്ത് ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍. പരമ്പരയിലെ അവസാനടെസ്റ്റിന്റെ രണ്ടാം ദിനം സാം കോണ്‍സ്റ്റാസ് ബാറ്റ് ചെയ്യുന്നതിനിടെയാണ് ജയ്‌സ്വാള്‍ താരത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. നേരത്തേ കോലിയും ബുംറയുമായും കോണ്‍സ്റ്റാസ് സെഡ്ജിങ്ങിലേര്‍പ്പെട്ടിരുന്നു.

ഹേയ് കോണ്‍ടാസ്, ഷോട്ടുകളൊന്നുമില്ലേ? ഒരു ഷോട്ടും കണ്ടെത്താന്‍ സാധിക്കുന്നില്ലേ? – ജയ്‌സ്വാള്‍ കോണ്‍സ്റ്റാസിനോട് പറഞ്ഞു. ഹിന്ദിയിലാണ് ഇന്ത്യന്‍ താരത്തിന്റെ സ്ലെഡ്ജിങ്. കോണ്‍സ്റ്റാസ് എന്ന പേര് ശരിയായ രീതിയിലല്ല ജയ്‌സ്വാള്‍ ഉച്ചരിക്കുന്നത്. ജയ്‌സ്വാളിന്റെ ശബ്ദം സ്റ്റമ്പ് മൈക്കില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഓസീസിനായി കാര്യമായ സംഭാവന നല്‍കാന്‍ കോണ്‍സ്റ്റാസിന് സാധിച്ചിരുന്നില്ല. 23 റണ്‍സെടുത്ത താരത്തെ സിറാജ് പുറത്താക്കി.

സിഡ്‌നി ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുമായി കോണ്‍സ്റ്റാസ് തർക്കത്തിലേർപ്പെട്ടിരുന്നു. ബുംറയെറിഞ്ഞ മൂന്നാം ഓവറിനിടെ ബാറ്റിങ്ങിന് തയ്യാറാകാന്‍ ഉസ്മാന്‍ ഖവാജ കൂടുതല്‍ സമയമെടുത്തു. ഇക്കാര്യം ബുംറ അമ്പയറെ ധരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കോണ്‍സ്റ്റാസ് പ്രതികരിച്ചത്. ഇതോടെ ഇതില്‍ നിനക്കെന്ത് കാര്യമെന്ന് ബുംറ തിരിച്ചുചോദിച്ചതോടെ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ ഇടയുന്ന ഘട്ടംവരെയെത്തി. ഒടുവില്‍ അമ്പയര്‍ ഇടപെട്ടാണ് ഇരുവരെയും രണ്ടു വഴിക്കാക്കിയത്.