അമിത് ഷാ | Photo: PTI
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ ആം ആംദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കായി കോടികള്‍ പൊടിച്ചെന്ന് ആരോപിച്ചാണ് ബിജെപി നേതാക്കള്‍ കെജ്രിവാളിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
കുറച്ച് കുട്ടികള്‍ വീട്ടില്‍ എന്നെ കാണാന്‍ വന്നു. ഡല്‍ഹിക്ക് വേണ്ടി അരവിന്ദ് കെജ്രിവാള്‍ എന്താണ് ചെയ്തത് എന്ന് ഞാന്‍ അവരോട് ചോദിച്ചു. തനിക്കായി ഒരു വലിയ ‘ശീഷ്മഹല്‍’ (ചില്ലുകൊട്ടാരം) പണിതുവെന്ന് അതിലൊരാള്‍ പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ സര്‍ക്കാര്‍ വാഹനമോ, ബംഗ്ലാവോ എടുക്കില്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഇന്ന് ഡല്‍ഹിക്കാരുടെ പണം ഉപയോഗിച്ച് അദ്ദേഹം ഒരു ചില്ലുകൊട്ടാരം നിര്‍മിച്ചു. കെജ്രിവാള്‍ ജീ നിങ്ങള്‍ ഡല്‍ഹിയിലെ ജനങ്ങളോട് കണക്ക് പറയേണ്ടി വരും- പൊതു സമ്മേളനത്തില്‍ സംസാരിക്കവെ അമിത്ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറ്റുപിടിച്ചുകൊണ്ടാണ് അമിത്ഷായും കെജ്രിവാളിനെതിരെ രംഗത്തെത്തിയത്.
ഡല്‍ഹിയില്‍ ചേരി നിവാസികള്‍ക്കുള്ള ഭവന പദ്ധതി ഉദ്ഘാടനം ചെയ്യവേയാണ് നരേന്ദ്രമോദി കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. അണ്ണാഹസാരെയെ മുഖമാക്കിയാണ് ആം ആദ്മി അധികാരത്തില്‍ വന്നതെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഈ പാര്‍ട്ടി വലിയ ദുരന്തമായെന്നും മോദി കുറ്റപ്പെടുത്തി. ഇവരുടെ പിടിയില്‍ നിന്ന് സ്വതന്ത്രരാവാന്‍ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തു.
അവര്‍ മോഷ്ടിക്കുകയും പിന്നീട് പ്രതിരോധിക്കുകയും ചെയ്യും. നിരവധി പാര്‍പ്പിട സമുച്ചയങ്ങള്‍ താന്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇവിടുത്തെ സര്‍ക്കാര്‍ അഴിമതി കേസുകളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. മോദി ഒരിക്കലും സ്വന്തമായൊരു വീട് വെച്ചിട്ടില്ലെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഈ 10 വര്‍ഷ കാലവധിക്കുള്ളില്‍ നാലുകോടി പൗരര്‍ക്ക് വീട് നല്‍കി. എനിക്കും മണിമാളിക പണിയാം. പക്ഷേ എന്റെ പൗരര്‍ക്ക് വീട് നല്‍കുക എന്നതാണ് എന്റെ സ്വപ്നം.- മോദി പറഞ്ഞു.
കെജ്രിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പണിയാന്‍ കോടികളാണ് ചെലവഴിച്ചതെന്നും മോദി ആരോപിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് 30,000ത്തിലധികം വീടുകള്‍ പിഎം ആവാസ് യോജനയുടെ കീഴില്‍ പണിതുനല്‍കി. ആംആദ്മി ഡല്‍ഹിയിലെ വിദ്യാഭ്യാസരംഗത്തെ മോശമാക്കിയെന്നും മോദി പറഞ്ഞു.
ആയുഷ്മാന്‍ യോജനയിലൂടെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയിലെ ആളുകളാണ് ഡല്‍ഹിയുടെ വില്ലന്‍മാര്‍. അവര്‍ ഇതിനൊന്നും സമ്മതിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.
മോദിയുടെ ആരോപണത്തിന് കെജ്രിവാളും മറുപടി നല്‍കിയിരുന്നു, 2,700 കോടിരൂപയ്ക്ക് വീട് പണിത, 8,400 കോടി മുടക്കിയ വിമാനത്തില്‍ പറക്കുന്ന 10 ലക്ഷത്തിന്റെ കോട്ട് ധരിക്കുന്ന ഒരാളില്‍ നിന്ന് ശീഷ്മഹല്‍ പരാമര്‍ശം വരുന്നത് ശരിയല്ല. ബിജെപിയുടെ പാര്‍പ്പിട വാഗ്ദാനം പകുതിയിലധികവും നടന്നിട്ടില്ലെന്നും കെജ്രിവാള്‍ ആരോപിച്ചു.
ദുരന്തം ഡല്‍ഹിയിലല്ല ബി.ജെ.പി.യിലാണെന്നും കെജ്രിവാള്‍ പറഞ്ഞു. ആദ്യത്തെ ദുരന്തമെന്തെന്നാല്‍ ബി.ജെ.പിക്ക് ഡല്‍ഹിയില്‍ അവതരിപ്പിക്കാന്‍ ഒരു മുഖ്യമന്ത്രിയുടെ മുഖമില്ല. രണ്ടാമത് ബിജെപിക്ക് പറയാന്‍ പ്രത്യേകിച്ച് കാരണങ്ങളില്ല. മൂന്നാമത് ഡല്‍ഹി തിരഞ്ഞെടുപ്പിനായി യാതൊരു അജണ്ടയും ഇല്ല- കെജ്രിവാള്‍ പറഞ്ഞു.
