തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ‌ കലോത്സവത്തിന്റെ വേദി

തിരുവനന്തപുരം ∙ നിസ്സഹകരണ സമരം നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ ഡ്യൂട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി കെജിഎംഒഎയുമായി ചര്‍ച്ച നടത്തി സംഘടനയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്ന ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ അഭ്യര്‍ഥന പ്രകാരം കലോത്സവ ഡ്യൂട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതായി കെജിഎംഒഎ ഭാരവാഹികൾ അറിയിച്ചു.

ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ.ഡി.നെൽസനെ സ്വകാര്യ പ്രാക്ടീസ് നടത്തിയതിന്റെ പേരിൽ സെപ്റ്റംബർ 23ന് സസ്പെൻഡ് ചെയ്തതോടെയാണു ജില്ലയിലെ ഡോക്ടർമാരും ആരോഗ്യ ഡയറക്ടറേറ്റും തമ്മിൽ തർക്കമുണ്ടായത്. നവംബർ 11നു നെൽസനെ അടൂർ ജനറൽ ആശുപത്രിയിൽ നിയമിച്ചു. നെൽസനെ ആര്യനാട് തന്നെ നിയമിക്കണമെന്ന ആവശ്യവുമായാണ് കെജിഎംഒ നിസ്സഹകരണ സമരം ആരംഭിച്ചത്. ആശുപത്രി ഡ്യൂട്ടി അല്ലാതെ വിഐപി ഡ്യൂട്ടിയും വകുപ്പിന്റെ യോഗങ്ങളിലും പങ്കെടുക്കുന്നില്ല.