പ്രതീകാത്മക ചിത്രം
വിരുദുനഗർ∙ തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. 6 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. വേൽമുരുകൻ, നാഗരാജ്, കണ്ണൻ, കാമരാജ്, ശിവകുമാർ, മീനാക്ഷിസുന്ദരം എന്നിവരാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ മറ്റൊരാളെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സായ്നാഥ് എന്ന പടക്ക നിർമാണ ശാലയിലാണ് അപകടമുണ്ടായത്.
പടക്ക നിർമാണത്തിനായി രാസ മിശ്രിതങ്ങൾ തയാറാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പടക്ക നിർമാണശാലയിലെ 4 മുറികൾ തകർന്നു. സത്തൂർ, ശിവകാശി, വിരുദുനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി. സ്ഥാപനത്തിൽ 35 മുറികളിലായി 80-ലധികം തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്.
