രോഹിത് ശര്‍മ
സിഡ്‌നി : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രോഹിത് ശര്‍മ. വിരമിക്കാന്‍ പദ്ധതിയിടുന്നില്ലെന്നും മോശം ഫോമിലായതു കൊണ്ട് സ്വയം മാറിനിന്നതാണെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. നിര്‍ണായകമായ മത്സരമായതിനാല്‍ മികച്ച ഫോമിലുള്ള താരങ്ങള്‍ ആവശ്യമുണ്ട്. അതിനാലാണ് സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സ്വയം തീരുമാനമെടുത്തതെന്നുമാണ് രോഹിത്തിന്റെ വിശദീകരണം.
‘ഞാന്‍ സ്വയം വിട്ടുനിന്നു. സിഡ്‌നി ടെസ്റ്റുമായി ബന്ധപ്പെട്ട് ഞാനും കോച്ചും തമ്മില്‍ നടന്ന സംഭാഷണം വളരെ ലളിതമാണ്. ബാറ്റിങ്ങില്‍ എന്റെ ഫോം ശരിയല്ല, അതുകൊണ്ട് റണ്ണെടുക്കാനുമാകില്ല. അതിനിര്‍ണായകമായ മത്സരമാണിത്, ഞങ്ങള്‍ക്ക് വിജയം ആവശ്യവുമാണ്. അതിനാല്‍ വിട്ടുനില്‍ക്കുന്നതായി അറിയിച്ചു. അവര്‍ എന്റെ തീരുമാനം അംഗീകരിക്കുകയും ചെയ്തു.’
‘അഞ്ചുമാസങ്ങള്‍ക്ക് ശേഷം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. നിലവില്‍ എങ്ങനെ മുന്നോട്ട് പോകണം എന്നതില്‍ ശ്രദ്ധ കൊടുക്കാനാണ് ഞാന്‍ താത്പര്യപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനം ഒരു വിരമിക്കല്‍ പ്രഖ്യാപനമല്ല. ഞാൻ എവിടെയും പോകുന്നില്ല. അഞ്ചു മാസം കഴിഞ്ഞ് ഞാന്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കും എന്നതിനും ഉറപ്പ് പറയാനാവില്ല. ഓരോ ദിവസവും ജീവിതം മാറിമറിയുകയാണ്. ഞാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുന്നു.’ ‘
അതേ സമയം യാഥാര്‍ഥ്യബോധവും പുലര്‍ത്തേണ്ടത് അത്യന്താപേഷിതമാണ്. ഞാന്‍ ഇത്രയും കാലം ഈ ഗെയിം കളിച്ചു. പുറത്ത് നിന്ന് ആര്‍ക്കും ഞാന്‍ എപ്പോള്‍ പോകണം, പുറത്ത് ഇരിക്കണം, ടീമിനെ നയിക്കണം എന്ന് തീരുമാനിക്കാന്‍ കഴിയില്ല. ഞാന്‍ വിവേകവും, പക്വതയുമുള്ള, രണ്ട് കുട്ടികളുടെ പിതാവാണ്. ജീവിതത്തില്‍ എന്താണ് വേണ്ടതെന്ന് എനിക്ക് നന്നായി അറിയാം’, രോഹിത് ശർമ പറഞ്ഞു.
സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രോഹിത് ശര്‍മ തന്റെ ഭാവി പദ്ധതികളെ കുറിച്ച് വ്യക്തമാക്കിയത്.
