എല്ല വിക്ടോറിയയും മാഗ്നസ് കാൾസനും. Photo: X@DavidNastasio

ഓസ്‍ലോ ∙ ചെസ് താരം മാഗ്നസ് കാൾസനും കാമുകി എല്ല വിക്ടോറിയ മലോനും വിവാഹിതരാകുന്നു. നോർവേയിൽ വച്ചായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുകയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ചെസ് ടൂർണമെന്റിലാണ് കാൾസനും എല്ലയും മാധ്യമങ്ങൾക്കു മുന്നിൽ ഒരുമിച്ചെത്തിയത്. പിന്നീട് കാൾസൻ പങ്കെടുത്ത നോർവേ ചെസ്, അടുത്തിടെ അവസാനിച്ച ഫി‍ഡെ ലോക റാപ്പിഡ്, ബ്ലിറ്റ്സ് ചാംപ്യൻഷിപ് എന്നീ വേദികളിലും എല്ലയും എത്തിയിരുന്നു.

നോർവേയിലെ ഏതു നഗരത്തിൽവച്ചാണ് വിവാഹം നടക്കുകയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. നോർവേ തലസ്ഥാനമായ ഓസ്‍ലോയിലാണ് 25 വയസ്സുകാരിയായ എല്ല വിക്ടോറിയ താമസിക്കുന്നത്. അതേസമയം ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എല്ലയുടെ പിതാവ് യുഎസ് പൗരനും മാതാവ് നോർവേക്കാരിയുമാണെന്നു ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ് കിരീടം മാഗ്നസ് കാൾസനും യാൻ നീപോംനീഷിയും പങ്കുവച്ചത് വൻ വിവാദമായിരുന്നു. ചെസിന്റെ നിയമങ്ങളിലോ ചരിത്രത്തിലോ കേട്ടുകേൾവിയില്ലാത്ത ഒന്നാണ് ‘പങ്കുവയ്ക്കൽ’ എന്നാണ് വിമർശനം. ടൈബ്രേക്കറിൽ 3 സ‍ഡൻ ഡെത്ത് മത്സരങ്ങൾക്കു ശേഷം കിരീടം പങ്കുവയ്ക്കാമെന്ന് ഇരുവരും തീരുമാനിക്കുകയും സംഘാടകർ ഇത് അംഗീകരിക്കുകയുമായിരുന്നു.