പ്രതീകാത്മക ചിത്രം

ഗുരുത്വാകര്‍ഷണബലം ഇല്ലാത്ത ബഹിരാകാശത്ത് പയര്‍വിത്ത് മുളപ്പിച്ചുകൊണ്ട് നിര്‍ണായകമായ നേട്ടം കൊയ്‌തെടുത്ത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വി-സി 60 റോക്കറ്റ് ഉപയോഗിച്ച് തിങ്കളാഴ്ച വിക്ഷേപിച്ച പോയെം-4 (പി.എസ്.എല്‍.വി. ഓര്‍ബിറ്റല്‍ എക്സ്പിരിമെന്റ് മൊഡ്യൂള്‍) ദൗത്യത്തിന്റെ ഭാഗമായാണ് എട്ട് പയര്‍വിത്തുകള്‍ ബഹിരാകാശത്ത് എത്തിച്ചത്. ബഹാരാകാശത്തെത്തി നാലുദിവസങ്ങള്‍ക്കകമാണ് വിത്തുകള്‍ മുളപൊട്ടിയത്.

പോയം-4 ദൗത്യത്തിലെ 24 പരീക്ഷണ ഉപകരണങ്ങളിലൊന്നായ കോംപാക്റ്റ് റിസര്‍ച്ച് മൊഡ്യൂള്‍ ഫോര്‍ ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസ് അഥവാ ക്രോപ്‌സ് ഉപയോഗിച്ചാണ് ഐ.എസ്.ആര്‍.ഒ. വിത്തുകള്‍ മുളപ്പിച്ചത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) ആണ് ക്രോപ്‌സ് വികസിപ്പിച്ചത്. മൈക്രോഗ്രാവിറ്റിയില്‍ വിത്ത് മുളയ്ക്കുന്നതിനെ കുറിച്ചും സസ്യങ്ങളുടെ നിലനില്‍പ്പിനെ കുറിച്ചും പഠിക്കുന്നതിനായുള്ള സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ക്രോപ്‌സ്.

അടച്ച് പൂട്ടിയ പെട്ടിക്കുള്ളില്‍ നിയന്ത്രിതമായ സാഹചര്യത്തിലാണ് ഐ.എസ്.ആര്‍.ഒ. ബഹിരാകാശത്ത് പയര്‍ വിത്തുകള്‍ മുളപ്പിച്ചത്. താപനില ഉള്‍പ്പെടെ കൃത്യമായി നിയന്ത്രിച്ചുനിര്‍ത്തിയ നടത്തിയ പരീക്ഷണം ബഹിരാകാശത്തോ മറ്റൊരു ഗ്രഹത്തില്‍ തന്നെയോ ഭാവിയില്‍ കൃഷി നടത്തുന്നതിലേക്കുള്ള ഗവേഷണങ്ങള്‍ക്ക് ശക്തമായ അടിത്തറ നല്‍കുന്നതാണ്.

ചെടിയുടെ വളര്‍ച്ച ഓരോ നിമിഷവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി അത്യാധുനികസാങ്കേതികവിദ്യകളാണ് ക്രോപ്‌സ് മൊഡ്യൂളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉയര്‍ന്ന റെസല്യൂഷനുള്ള ക്യാമറ, ഓക്‌സിജന്റേയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റേയും അളവുകള്‍ നിരീക്ഷിക്കാനുള്ള സംവിധാനം, ആപേക്ഷിക ആര്‍ദ്രത അളക്കാനുള്ള ഉപകരണം, താപനില നിരീക്ഷിക്കാനുള്ള സംവിധാനം, മണ്ണിലെ ഈര്‍പ്പത്തിന്റെ അളവ് വിലയിരുത്താനുള്ള സംവിധാനം എന്നിവയാണ് ക്രോപ്‌സിലുള്ളത്.

മുളപൊട്ടിയ വിത്തുകളില്‍ ഉടന്‍ തന്നെ ഇലകള്‍ വിടരുമെന്നാണ് ഐ.എസ്.ആര്‍.ഒ. പ്രതീക്ഷിക്കുന്നത്. ഗ്രഹാന്തര പരിസ്ഥിതികളിലേക്കുള്ള സുസ്ഥിരമായ കാര്‍ഷികരീതികള്‍ വികസിപ്പിക്കാനുള്ള ബഹുമുഖ പ്ലാറ്റ്‌ഫോമെന്ന നിലയിലാണ് ക്രോപ്‌സ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

മൈക്രോഗ്രാവിറ്റിയില്‍ വിത്ത് മുളപ്പിച്ച് ചെടി വളര്‍ത്തുന്നതിന് പുറമെ വേറെയും 23 പരീക്ഷണങ്ങള്‍ പോയെം-4 ദൗത്യത്തിലുണ്ട്. ഇതില്‍ 14 എണ്ണം ഐ.എസ്.ആര്‍.ഒ.യുടെ വിവിധ ലാബുകളുടെയും പത്തെണ്ണം സ്വകാര്യ യൂണിവേഴ്‌സിറ്റികളുടേതുമാണ്.

ബഹിരാകാശത്ത് ഡോക്കിങ്ങും അണ്‍ഡോക്കിങ്ങും നടത്താനായുള്ള സ്‌പെയ്‌ഡെക്‌സ് ദൗത്യവും പോയെം-4 ദൗത്യത്തിനൊപ്പം പി.എസ്.എല്‍.വി-സി 60 റോക്കറ്റില്‍ തിങ്കളാഴ്ച ബഹിരാകാശത്തെത്തിച്ചിരുന്നു. രണ്ട് ഉപഗ്രഹങ്ങളാണ് സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിലുള്ളത്. 370 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ 20 കിലോമീറ്ററോളം ദൂരവ്യത്യാസത്തില്‍ സഞ്ചരിക്കുന്ന ഈ ഉപഗ്രഹങ്ങളെ ക്രമേണെ അടുപ്പിച്ച് കൂട്ടിയോജിപ്പിക്കും (ഡോക്കിങ്). ഇതിന് ശേഷം ഊര്‍ജ്ജവും വിവരങ്ങളുമെല്ലാം പങ്കുവെച്ച് ഒറ്റ പേടകം പോലെയാണ് ഇവ പ്രവര്‍ത്തിക്കുക. പിന്നീട് രണ്ട് ഉപഗ്രഹങ്ങളെയും വേര്‍പെടുത്തും (അണ്‍ഡോക്കിങ്). നിലവിലെ തീരുമാന പ്രകാരം ഡോക്കിങ് ചൊവ്വാഴ്ച നടക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ. അറിയിക്കുന്നത്.