69-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം മുഖ്യന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. ശനിയാഴ്ച രാവിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന മേളയ്ക്ക് തുടക്കം കുറിച്ചു. കലാപ്രകടനം എന്നതിലുപരി കലോത്സവവേദി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ ഇവിടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തുന്നുണ്ട്. ഇത് അതിജീവനത്തിന്റെ തെളിവാണ്. ഇത്തരം അതിജീവനങ്ങളുടെ നേര്‍കാഴ്ചയാവുകയാണ് കലോത്സവമെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുരന്തത്തിന്റെ ആഘാതത്തില്‍ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. അത് മറികടക്കാനുള്ള സത്വര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി.പഠനസൗകര്യങ്ങളൊരുക്കിയും ഉപകരണങ്ങള്‍ ലഭ്യമാക്കിയും അവരെ തിരകെ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നു. മനുഷ്യര്‍ തമ്മിലുള്ള പരസ്പര സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാനാണ് കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. ചിലപ്പോഴെങ്കിലും കിടമത്സരങ്ങളുടേയും തര്‍ക്കങ്ങളുടെയും വേദിയാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് .ഷാനവാസ് പതാക ഉയര്‍ത്തുന്നു

കലോത്സവവേദികളില്‍ നിന്ന് നിരവധി പ്രതിഭകള്‍ കേരളത്തിന്റെ സാമൂഹ്യ, സാസ്‌കാരിക മണ്ഡലങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ പാരമ്പര്യം ഉള്‍ക്കൊണ്ടുവേണം കുട്ടികള്‍ കലാപാരിപാടികളില്‍ പങ്കെടുക്കാന്‍. സമൂഹത്തെ മുന്നില്‍ നിന്നു നയിക്കേണ്ടവരാണ് ഓരോ കുട്ടികളും. ആ ബോധ്യമുണ്ടാവണം. പങ്കാളിത്തമാണ് വിജയത്തേക്കാള്‍ മഹത്തരമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒരു ദേശത്തെ മുഴുവന്‍ കൗമാര പ്രതീക്ഷകളും ഒരിടത്ത്കൂടി മികവ് തെളിയിക്കുന്ന മറ്റൊന്ന് ലോകത്തെ മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. അന്യംനിന്നുപോയുന്ന നിരവധി കലാരൂപങ്ങള്‍ ഇവിടെ പുനര്‍ജനിക്കുന്നുണ്ടെന്നും മുഖ്യന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ കലാസാംസ്‌കാരകിക രംഗത്ത് വലിയ നഷ്ടം സംഭവിച്ച വര്‍ഷമാണ് കഴിഞ്ഞുപോയത്. എഴുത്തുകാരനും, തിരക്കഥാകൃത്തും, സംവിധായകനുമെല്ലാമായ എം.ടി വിടവാങ്ങിയ വര്‍ഷമാണ് കടന്നുപോയത്. എല്ലാ വര്‍ഷവും അദ്ദേത്തിന്റെ കലാസൃഷ്ടികള്‍ക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങളുണ്ടാവുന്ന വേദിയാണ് കലോത്സവം. നാടിനെയൊന്നാകെ ദു:ഖത്തലാഴ്ത്തിയ മുണ്ടക്കൈ, ചൂരല്‍മല ദുരന്തമുണ്ടായ വര്ഷം കൂടിയാണ് കടന്നുപോയതന്നും മുഖ്യന്ത്രി വ്യക്തമാക്കി.

69-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ മുഖ്യന്ത്രി പിണറായി വിജയന്‍,വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍

ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രിയടക്കം നിരവധി പേര്‍ പങ്കെടുത്തു. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരള കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ തിരഞ്ഞെടുത്ത കുട്ടികളും അവതരിപ്പിച്ച മനോഹര നൃത്താവിഷ്‌കാരത്തോടെയായിരുന്നു മേളയുടെ തുടക്കം. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗതഗാനത്തിനാണ് കുട്ടികള്‍ ചുവടുവെച്ചത്. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി.

ഇനി അഞ്ചുനാള്‍ തലസ്ഥാന നഗരയിലെ വേദികളായ നിളയിലും പമ്പയാറിലും അച്ചന്‍കോവിലും കരമനയാറിലുമെല്ലാം കൗമാരകലകള്‍ നിറഞ്ഞൊഴുകും. പുഴകളുടെ പേരുകളിലുള്ള 25 വേദികള്‍ 249 മത്സരങ്ങള്‍ 15000 കുട്ടികള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ 63 – മത് പതിപ്പിലേക്ക് തിരുവനന്തപുരം എട്ടുവര്‍ഷത്തിന് ശേഷം ആതിഥ്വം വഹിക്കുമ്പോള്‍ പ്രത്യേതകളേറെയുണ്ട്. മേളയുടെ ഭാഗമാവാന്‍ വലിയ ദുരന്തത്തെ അതീജിവിച്ച് തിരിച്ചുവരാനൊരുങ്ങുന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളുണ്ട്, മാത്രമല്ല ചരിത്രത്തിലാദ്യമായി ആദിവാസി ഗോത്രകലകള്‍ മത്സരത്തിനുണ്ട്.