മത്സരയോട്ടം നടത്തിയ ബസ്സുകൾ

ശൂരനാട് : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെയുള്ള അപകടത്തില്‍ ഗര്‍ഭിണിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ശൂരനാട് വടക്ക് കലതിവിളയില്‍ ജോസി ജോസ്, ഗര്‍ഭിണിയായ കല്ലട സ്വദേശിനി ലിജി, പോരുവഴി മണ്ണൂര്‍ വീട്ടില്‍ ഗീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗീതയുടെ വലതുകാലിന് പൊട്ടലുണ്ട്.

വ്യാഴാഴ്ച രാവിലെ എട്ടിന് ചക്കുവള്ളി ജങ്ഷന് സമീപത്തായിരുന്നു അപകടം. കരുനാഗപ്പള്ളിയില്‍നിന്ന് ഭരണിക്കാവിലേക്ക് സര്‍വീസ് നടത്തുന്ന ‘രാഹുല്‍’ ബസും ചെങ്ങന്നൂര്‍ ഭാഗത്തുനിന്ന് ഭരണിക്കാവിലേക്ക് പോകുകയായിരുന്ന ‘അച്ചുമോന്‍’ എന്ന ബസുമാണ് അപകടമുണ്ടാക്കിയത്.

ഇരുബസിലെയും ജീവനക്കാര്‍ തമ്മില്‍ സമയത്തെച്ചൊല്ലി ചക്കുവള്ളി ജങ്ഷനില്‍ വെച്ച് വാക്കുതര്‍ക്കം നടന്നു. തുടര്‍ന്ന് രണ്ടു ബസുകളും മത്സരിച്ച് ഭരണിക്കാവിലേക്ക് നീങ്ങുകയായിരുന്നു. പിന്നാലെ പാഞ്ഞെത്തിയ ബസിനെ കുടുക്കാന്‍ മുന്നില്‍ പോയ ബസ് പെട്ടെന്ന് ബ്രേക്കിട്ടു.

ഇതോടെ അതിലുണ്ടായിരുന്ന യാത്രക്കാര്‍ ബസിനുള്ളില്‍ തെറിച്ചുവീഴുകയായിരുന്നു. ബസിനുള്ളിലെ കമ്പികളില്‍ തലയും ശരീരഭാഗങ്ങളും ഇടിച്ചാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇതോടെ, തടിച്ചുകൂടിയ നാട്ടുകാര്‍ സ്വകാര്യ ബസ് തടഞ്ഞുവെക്കുകയും ശൂരനാട് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് സംഘം ഇരുവാഹനങ്ങളും അതിലെ ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

രണ്ടു ബസിലെയും ജീവനക്കാര്‍ക്കെതിരേ കേസെടുത്തെന്നും ബസ് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലം-തേനി ദേശീയപാതയിലെ ആനയടിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്വകാര്യബസും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. മത്സരയോട്ടവും അപകടവും പതിവായിട്ടും ബസുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.