മരിച്ച മയൂരി സുരേഷ്

ബെംഗളൂരു : പാമ്പ് കടിയേറ്റ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയില്‍ പഠിക്കുന്ന മയൂരി സുരേഷാണ് മരിച്ചത്. മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍ മയൂരിയെ പാമ്പ് കടിക്കുകയായിരുന്നു.

ഒന്നരക്കിലോമീറ്റര്‍ ദൂരെയുള്ള മുണ്ട്‌ഗോഡിലെ താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. അവിടെ നിന്ന് ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഹുബ്ബള്ളിയിലെത്തിക്കുംമുമ്പ് മയൂരി മരിച്ചു.

താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ദീപയുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് മയൂരിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും ഡോക്ടര്‍ ആന്റി വെനം നല്‍കാതെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു. അടിയന്തര പരിചരണം നല്‍കാതെ മയൂരിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഉണ്ടായിരുന്നില്ല. പ്രദേശമാകെ കാട് പിടിച്ചു കിടക്കുകയാണ്. അഞ്ച് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുണ്ട്‌ഗോഡിലെ വനിതാ സ്വയം സഹായ സംഘങ്ങള്‍ തഹസില്‍ദാര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. തഹസില്‍ദാരുടെ ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ പ്രകടനവും നടത്തി.

2024 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ല,താലൂക്ക് ആശുപത്രികളെ പാമ്പുകടിയേറ്റവരെ ചികിത്സിക്കുന്നതിനുള്ള കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആശുപത്രികളില്‍ ഒരുക്കുമെന്നും പറഞ്ഞിരുന്നു. എന്നിട്ടും അഞ്ച് വയസുകാരിയുടെ ജീവന്‍ നഷ്ടപ്പെട്ടതോടെ പ്രതിഷേധം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.